
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് സാമ്പത്തിക ഇടനാഴികള്‍ തുടങ്ങുന്നതടക്കം മൂന്നുലക്ഷം കോടിയുടെ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് 45,536 കോടിയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങിലായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. 2025 അവസാനം ഈ പദ്ധതികള്‍ നടപ്പാക്കുന്നതോടെ, കേരളത്തിൻ്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മൂന്ന് പദ്ധതികളിലായി ആകെ 919 കിലോമീറ്റര്‍ വ്യവസായ ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. 87,224 കോടിയാണ് ഇതിൻ്റെ ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ആറുവരി എലിവേറ്റഡ് ഹൈവേയായ അരൂര്‍- തുറവൂര്‍ ഹൈവേയും ഇതില്‍ ഉള്‍പ്പെടും. ദേശീയപാത വികസനം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് സംസ്ഥാനവുമായി ആലോചിച്ച് പരിഹാരം കണ്ടെത്തും. ദേശീയ പാതയ്ക്കുള്ള ഭൂമിയേറ്റെടുക്കലിൻ്റെ 25ശതമാനം തുക സംസ്ഥാനം നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കുന്നു.

കേന്ദ്രത്തിൻ്റെ ചില നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ സ്ഥലം ഏറ്റെടുപ്പിനുള്ള പണം സംസ്ഥാനത്തില്‍ നിന്ന് ഈടാക്കില്ല. ദേശീയപാതയ്ക്കായി സര്‍ക്കാര്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കുക, കമ്പിക്കും സിമണ്ടിനുമുള്ള സംസ്ഥാന ജി.എസ്.ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ കേരളം അംഗീകരിക്കണം.
കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ്- അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. വിനോദസഞ്ചാര മേഖലയുടെ ഏറ്റവും വലിയ ശക്തി മികച്ച റോഡുകളാണ്. ഈ പദ്ധതികള്‍ വരുന്നതോടെ വിനോദ സഞ്ചാരം മൂന്നിരട്ടി വര്‍ദ്ധിപ്പിക്കാനാകുമെന്നും മന്ത്രി ഗഡ്‌കരി ചൂണ്ടിക്കാട്ടി.
സാമ്പത്തിക ഇടനാഴികള്‍
1) തൂത്തുക്കുടി- കൊച്ചി- ആകെ ദൂരം- 443 കിലോമീറ്റര്‍, സംസ്ഥാനത്ത് – 166 കി.മീ, പദ്ധതിച്ചെലവ് – 20,000 കോടി
2) മുംബൈ- കന്യാകുമാരി- ആകെ ദൂരം: 1619 കി.മീ, സംസ്ഥാനത്ത്: 644 കി.മീ, പദ്ധതിച്ചെലവ്: 61,060 കോടി
3) ബംഗളൂരു- മലപ്പുറം- ആകെ ദൂരം: 323കി.മി, സംസ്ഥാനത്ത്: 72 കി.മി, പദ്ധതിച്ചെലവ്: 7134 കോടി
വാണിജ്യ ഇടനാഴികള്‍
ആകെ ദൂരം: 2385 കി.മി, സംസ്ഥാനത്ത്: 919 കി.മി, ആകെ തുക: 87,224 കോടി
സംസ്ഥാന പാതകള്‍, റെയില്‍വേ ബ്രിഡ്ജുകള്‍, പാലങ്ങളുടെ നവീകരണം, ചെലവിടുന്ന തുക: 400 കോടി
18 ബൈപ്പാസുകള്‍- ആകെ ദൂരം: 164 കി.മി, അടങ്കല്‍തുക : 15,000 കോടി
31 ഇടനാഴികള്‍ (നിലവിലുള്ള റോഡുകളുടെ വികസനം) ആകെ ദൂരം: 1544 കി.മി, അടങ്കല്‍തുക: 80,000 കോടി
വിഴിഞ്ഞം- പാരിപ്പള്ളി ഔട്ടര്‍ റിംഗ് റോഡ് പ്രധാനമാണ്. ഇതിനുള്ള പണം അടുത്ത മാര്‍ച്ചിന് മുമ്പ് അനുവദിക്കും.
-നിതിന്‍ ഗഡ്കരി
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി
