ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കിയ ശേഷം പദയാത്ര മതി; കെ. സുരേന്ദ്രൻ്റെ സംസ്ഥാന ജാഥ മാറ്റി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കിയ ശേഷം പദയാത്ര മതി; കെ. സുരേന്ദ്രൻ്റെ സംസ്ഥാന ജാഥ മാറ്റി

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്താനിരുന്ന സംസ്ഥാന പദയാത്ര മാറ്റി. ഏപ്രിൽ അവസാനത്തോടെ സംസ്ഥാന പദയാത്രക്ക് തുടക്കം കുറിക്കാനായിരുന്നു ആലോചന. എന്നാൽ, കേന്ദ്ര നേതൃത്വം ജാഥക്ക് അനുവാദം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ കേരള യാത്രയ്ക്കു പിന്നാലെ ഏപ്രിൽ അവസാനത്തോടെയോ മെയിലോ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേരള പര്യടനമായിരുന്നു സംസ്ഥാന നേതൃത്വം ആലോചിച്ചത്.

കഴിഞ്ഞമാസം ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. അതേസമയം, അടുത്ത മാസം സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരക്കിട്ട പരിപാടികൾ ഉള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് പാർട്ടി വിശദീകരണം. പ്രധാനമന്ത്രിയടക്കം ഏപ്രിലിൽ എത്തുന്നതും സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു. ഇരുപതു പാർലമെന്റ് മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനാണ് സംസ്ഥാന നേതൃത്വം ആലോചിച്ചത്.

അതേസമയം കേന്ദ്രനേതൃത്വത്തിൻ്റെ പച്ചക്കൊടി ലഭിക്കാത്തതാണ് പ്രശ്‌ന കാരണമെന്നും വിവരമുണ്ട്. ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കിയശേഷം മതി യാത്ര എന്ന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്.

0Shares