കാസർകോട് നഗരസഭയിലെ പ്രശ്‌നം പരിഹരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം ശ്രമം തുടങ്ങി; അടുത്ത ദിവസം പ്രത്യേക യോഗം ചേരാൻ സാധ്യത; ചാനൽ ആർ.ബി ചൂണ്ടിക്കാണിച്ച വിഷയങ്ങളും നേതാക്കൾക്കിടയിൽ ചർച്ചയായി; ലീഗിനകത്തുള്ള പ്രശ്‌നക്കാർക്കെതിരെ അച്ചടക്ക നടപടിക്കും സാധ്യത.?

You are currently viewing കാസർകോട് നഗരസഭയിലെ പ്രശ്‌നം പരിഹരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം ശ്രമം തുടങ്ങി; അടുത്ത ദിവസം പ്രത്യേക യോഗം ചേരാൻ സാധ്യത; ചാനൽ ആർ.ബി ചൂണ്ടിക്കാണിച്ച വിഷയങ്ങളും നേതാക്കൾക്കിടയിൽ ചർച്ചയായി; ലീഗിനകത്തുള്ള പ്രശ്‌നക്കാർക്കെതിരെ അച്ചടക്ക നടപടിക്കും സാധ്യത.?

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം-03

കാസർകോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ ഈ അടുത്തിടെ ഉടലെടുത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ മുസ്ലിം ലീഗ് നേതാക്കൾ ശ്രമം തുടങ്ങി. ഇതിൻ്റെ ഭാഗമായി അടുത്ത ദിവസം തന്നെ യോഗം ചേരാനാണ് സാധ്യത. നഗര സഭയിലെ പ്രധാന ചുമതലയുള്ള നേതാക്കളെ വിളിച്ചിരുത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ചാനൽ ആർ.ബി കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ വാർത്ത നേതാക്കൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. അണികൾക്കിടയിൽ ലീഗിനോടുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ നേതാക്കൾ മാതൃകയാക്കണം എന്നാണ് ഭൂരിഭാഗം നേതാക്കളും ചുണ്ടികാണിക്കുന്നത്. നേതാക്കൾ തന്നെ പരസ്പരം വിശ്വാസം ഇല്ലാതെ പോരടിക്കുന്നത് ശരിയല്ല. നിലവിലെ സാഹചര്യം കാസർകോട് നഗരസഭയിൽ തുടർന്നാൽ അടുത്ത തെരഞ്ഞടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും, എന്ന മുന്നറിയിപ്പും നേതാക്കൾ തന്നെ മുന്നോട്ട് വെക്കുന്നു.

നിലവിലെ ഭരണ സംവിധാനം സസൂക്ഷ്മം പഠിച്ച് റിപ്പോർട്ട് അവതരിപ്പിക്കാൻ ജില്ലാ നേതൃത്വം ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി റിപ്പോർട്ട് നൽകിയതായാണ് സൂചന. നഗരസഭയിലെ ലീഗ് ഭരണത്തെ വിവാദമാക്കി ആളുകൾക്കിടയിൽ മോശം അഭിപ്രായം സൃഷ്ടിക്കാൻ ഒരു സോഷ്യൽ മീഡിയ പ്രവർത്തകൻ നിരന്തരം ശ്രമം നടത്തി. ഇദ്ദേഹത്തിൻ്റെ അമിത ഇടപെടലാണ് ലീഗിനകത്ത് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണം. അതിനാൽ തന്നെ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം കൗൺസിൽ യോഗം ചേർന്നാൽ മതി എന്നാണ് ലീഗ് ജില്ലാ നേതൃത്വം പറയുന്നത്. ഇതിൻ്റെ ഭാഗമായാണ് കഴിഞ്ഞ 19 ന് ചേരാനിരുന്ന കൗൺസിൽ യോഗം മാറ്റിയത്.

അതേസമയം സെക്രട്ടറിയുടെ നിലപാട് ഏകപക്ഷീയമാണെന്ന് ഒരു വിഭാഗം കൗൺസിലർമാർ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണവും വിവാദവും തള്ളിക്കളഞ്ഞുകൊണ്ട് സെക്രട്ടറിയുടെ പ്രതികരണവും പുറത്ത് വന്നു. ഒരു സായാഹ്‌ന പത്രത്തിന് നൽകിയ അഭിമുഖത്തിൽ നഗരസഭയിൽ പ്രശ്നങ്ങൾ ഇല്ല എന്നും ഭരണ സമിതി അംഗങ്ങൾ എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു.

കാസർകോട് നഗരസഭ കാര്യാലയം

വിവാദങ്ങൾ അനാവശ്യമാണ്, കമ്മ്യൂണിറ്റി കിച്ചണിൽ വനിതാ കൗൺസിലർമാർ നല്ല നിലയിൽ പ്രവർത്തിച്ചു. പാൻപരാഗ് മോഷണത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. നഗരസഭയിൽ അകൽച്ചയില്ല എല്ലാവരും ഒരേ തോണിയിൽ മുന്നോട്ട് പോവുകയാണെന്നും നഗരസഭ സെക്രട്ടറി ബിജു വ്യക്തമാക്കുന്നുണ്ട്.

പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനാണ് ലീഗ് യോഗം ചേരുന്നത്. എന്നാൽ യോഗത്തിന് മുമ്പ് തന്നെ മഞ്ഞുരുകുന്നതായി കാണുന്നു. വിവാദങ്ങൾ മാറ്റിവെച്ച് നല്ല വികസനത്തിനായി എല്ലാ അംഗങ്ങളും ഉദ്യോഗസ്ഥരും യോജിച്ച് പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാം.

0Shares