
കാസർകോട്: ചാനൽ ആർ.ബി ഓൺലൈൻ മാനേജിങ് എഡിറ്റർ മുഹമ്മദ് ഹാരിസിനെയും സഹപ്രവർത്തകനെയും മഫ്ത്തിയിലെത്തിയ പോലീസ് മർദ്ദിച്ചതിൽ കാസർകോട് പ്രസ് ക്ലബ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രി നുള്ളിപ്പാടിയിലെ കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസ് അടച്ച് താഴത്തെ നിലയുടെ ഷട്ടർ അടക്കവെയാണ് സ്വകാര്യ വാഹനത്തിൽ മാസ്ക് ധരിച്ചെത്തിയ ഒരു സംഘം മര്‍ദ്ദിച്ചത്. ഒന്നും ചോദിക്കാതെയായിരുന്നു ലാത്തിയിൽ മര്‍ദ്ദനം.

കാസർകോട് ടൗൺ സി.ഐയെ കണ്ടപ്പോഴാണ് വന്നത് പോലീസാണന്ന് തിരിച്ചറിഞ്ഞത്. തങ്ങൾ മാധ്യമ പ്രവർത്തകരാണെന്നും അടിക്കരുതെന്നും നിലവിളിച്ചപ്പോൾ പരിഹസിച്ചു. പിന്നീട് പ്രസ് ക്ലബിന്‍റെ തിരിച്ചറിയൽ കാർഡ് കാണിച്ചപ്പോഴാണ് വെറുതെ വിട്ടത്. കഞ്ചാവ് സംഘത്തെ അന്വേഷിച്ചിറങ്ങിയപ്പോൾ നടന്നതാണ് ഇത്തരം സംഭവമെന്ന പോലീസിന്‍റെ ന്യായം സമ്മതിക്കാൻ സാധിക്കുന്നതല്ല എന്ന് കാസർകോട് പ്രസ് ക്ലബ് പ്രതിഷേധ കുറിപ്പില്‍ അറിയിച്ചു .
കാര്യങ്ങൾ ആദ്യം ചോദിച്ചിരുന്നുവെങ്കിൽ മർദ്ദനത്തിൽ കലാശിക്കു മായിരുന്നില്ല. കോവിഡ് കാലത്തെ ശക്തമായ നിയന്ത്രണങ്ങൾക്കിടയിലും രാവും പകലും പ്രവർത്തിക്കുകയാണ് മാധ്യമ പ്രവർത്തകർ. അത്തരമൊരു അസ്ഥയിൽ യാതൊരു ദയയുമില്ലാതെ പോലീസുകാരിൽ നിന്ന് അന്യായമായ നടപടിയുണ്ടാക്കുന്നത് തീർത്തും ദുഖകരവും പ്രതിഷേധാർഹവുമാണ്. സംഭവത്തിൽ മാധ്യമ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രസ് ക്ലബ് അറിയിച്ചു.
