
ജനകീയ പ്രക്ഷോഭം നടക്കുന്ന ഇറാനിൽ 26 ദിവസത്തിനിടെ ഭരണകൂടം തൂക്കിലേറ്റിയത് 55 പേരെ. നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐ.എച്ച്ആർ) എന്ന എൻ.ജി.ഒയാണ് കണക്കുകൾ പുറത്തുവിട്ടത്. ന്യായമായ വിചാരണ അവകാശങ്ങൾ പോലും അനുവദിക്കാതെയാണ് ശിക്ഷാ നടപടികൾ നടക്കുന്നത്.
ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ വരുതിയിലാക്കുകയും സമൂഹത്തിൽ ഭീതി സൃഷ്ടിക്കുകയുമാണ് ഇറാന്‍ നടപടികളുടെ പ്രധാന ലക്ഷ്യമെന്നും എൻ.ജി.ഒ ആരോപിക്കുന്നു. ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ നാല് യുവാക്കൾ തൂക്കിലേറ്റപ്പെട്ടിരുന്നു. പോലീസ് കസ്റ്റഡിയിൽ അവരെല്ലാം “ക്രൂരമായ പീഡനത്തിന്” ഇരയായതായി മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനെ ശരിവെക്കുന്ന തരത്തിലാണ് ഐഎച്ച്ആർ റിപ്പോര്‍ട്ട്. 2023ൽ മാത്രം 55 വധശിക്ഷകൾ നടന്നുവെന്നത് സ്ഥിരീകരിക്കപ്പെട്ട വിവരമാണെന്ന് ഇവർ പറയുന്നു. ഇറാൻ നടപ്പാക്കുന്ന വധശിക്ഷകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. ഇത്തരം ശിക്ഷകളെ നിർത്തലാക്കണമെങ്കിൽ എല്ലാത്തരം വധ ശിക്ഷകളും അവസാനിപ്പിക്കണമെന്ന് ഐ.എച്ച്ആർ ഡയറക്ടര്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങളുടെ അഭാവവും ഇറാൻ്റെ ഇത്തരം നടപടികൾക്ക് ഇന്ധനം പകരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘടനയുടെ കണക്കുകൾ പ്രകാരം, 2021ല്‍ ഇറാനിൽ 333 പേരെയാണ് വധിച്ചത്. ഇതിൽ 83 ശതമാനം കേസുകളുടെ കണക്കും അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇറാൻ ഭരണകൂടത്തിൻ്റെ കർശന ഇസ്ലാമിക നിയമങ്ങൾക്കെതിരെയാണ് നിലവിലെ ജനകീയ പ്രക്ഷോഭങ്ങൾ. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ 64 കുട്ടികളും 39 സ്ത്രീകളുമടക്കം 488 പേരാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട 107 പേർ വധഭീഷണി നേരിടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ധത്തിനിടെ മാത്രം 7040 പേർ ഇറാനിൽ വധിക്കപ്പെട്ടിട്ടുണ്ട്. തൂക്കിലേറ്റപ്പെട്ട സ്ത്രീകളുടെ എണ്ണത്തിലും ഇറാൻ മുൻപന്തിയിലാണ്. 2010 മുതൽ 187 സ്ത്രീകളാണ് ഇറാനിൽ തൂക്കിലേറ്റപ്പെട്ടത്.
