സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഒന്നാമത്; നിക്ഷേപം അഞ്ച് വര്‍ഷത്തില്‍ 90,000 കോടി, റിപ്പോര്‍ട്ട് നാടിൻ്റെ കുതിപ്പ് വ്യക്തമാക്കുന്നത്: മന്ത്രി പി.രാജീവ്

  • Post category:business / Kerala / news
  • Reading time:2 mins read
You are currently viewing സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഒന്നാമത്; നിക്ഷേപം അഞ്ച് വര്‍ഷത്തില്‍ 90,000 കോടി, റിപ്പോര്‍ട്ട് നാടിൻ്റെ കുതിപ്പ് വ്യക്തമാക്കുന്നത്: മന്ത്രി പി.രാജീവ്

കേരളം അഞ്ച് വര്‍ഷത്തിനിടെ പുതുതായി 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിച്ചുവെന്ന റിപ്പോര്‍ട്ട് നാടിൻ്റെ കുതിപ്പ് വ്യക്തമാക്കുന്നത് ആണെന്ന് മന്ത്രി പി.രാജീവ്. 33,815 കോടി രൂപയുടെ പദ്ധതികള്‍ 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം പൂര്‍ത്തിയാക്കി.

പ്രത്യക്ഷമായും പരോക്ഷമായും ഇതിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയെന്നും എം.എസ്‌.എം.ഇ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മന്ത്രി അറിയിച്ചു. 18.9% വളര്‍ച്ചയോടെ ദേശീയ ശരാശരിക്ക് മുകളില്‍ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണ്. കേരളത്തില്‍ 2021-22ലുണ്ടായ വ്യവസായ വളര്‍ച്ച നിരക്ക് 17.3% ആണെന്നും രാജീവ് വ്യക്തമാക്കി.

പി.രാജീവിൻ്റെ കുറിപ്പ് ഇങ്ങനെ

‘കേരളം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പുതുതായി ആകര്‍ഷിച്ചുവെന്ന എം.എസ്.എം.ഇ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിൻ്റെ റിപ്പോര്‍ട്ട് ഈ നാടിൻ്റെ കുതിപ്പ് വ്യക്തമാക്കുകയാണ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം 33815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായും അഞ്ച് ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കിയെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓര്‍ഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്‌സ് ആണ്ട് മാര്‍ക്കറ്റിങ്ങ് ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു.’

‘കേരള നിക്ഷേപം- വളര്‍ച്ച, വികസനം- 2018 മുതല്‍ 23 വരെ’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് കേരളം കഴിഞ്ഞ വര്‍ഷം കൈവരിച്ച മാനുഫാക്‌ചറിങ്ങ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിക്കുന്നുണ്ട്. 18.9% വളര്‍ച്ചയോടെ ദേശീയ ശരാശരിക്ക് മുകളില്‍ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം 2021-22ല്‍ കേരളത്തിലുണ്ടായ വ്യവസായ വളര്‍ച്ച നിരക്ക് 17.3% ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ വളര്‍ച്ച സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് 12% ആക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചുവെന്നതും പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംരംഭക വര്‍ഷം പദ്ധതിയും സ്വകാര്യ മേഖലയില്‍ നിക്ഷേപങ്ങൾ ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളും വരും വര്‍ഷങ്ങളിലും കേരളത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇതാണ് ഞങ്ങള്‍ കൊണ്ടുവരുന്ന മാറ്റം. ഈ നാട് വളരുകയാണ്. വ്യവസായ മേഖലയിലും കുതിച്ചു കൊണ്ട് കേരളം മുന്നോട്ടു പോകുകയാണ്.’

സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഒന്നാമത്

സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായും കേരളം. മന്ത്രി പി.രാജീവാണ് ഫേസ്ബുക്കിലൂടെ ഈ നേട്ടം അറിയിച്ചിരിക്കുന്നത്. കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിൻ്റെ 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലാണ് ഗുജറാത്ത്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഈ വർഷം ഏറ്റവും ഉയർന്ന പടിയിലേക്ക് കയറുകയായിരുന്നു.നാം ഇനിയുമിനിയും നൂതന വ്യവസായ ലോകത്ത് കുതിപ്പ് തുടരുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനനമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് കെട്ടുറപ്പുള്ള അടിത്തറ പാകുന്നതിനും ഈ നേട്ടം സഹായകമാകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

0Shares