
മുംബൈ : വിവാദ ഐ.എ.എസ് പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്കറെ ഭൂമി തർക്ക കേസിൽ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച റായ്ഗഡ് ജില്ലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മനോരമ ഖേദ്കറെ പൂനെ പോലീസ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് തോക്ക് ചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് പൂജയുടെ മാതാവ് മനോരമ, പിതാവ് ദിലീപ് എന്നിവരടക്കം അഞ്ച് പേർക്കെതിരെ പൂനെ പോലീസ് കേസെടുത്തത്. മകളായ പൂജ ഖേദ്കർ ഐ.എ.എസ് കിട്ടാൻ നടത്തിയ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങളും വൈറലായത്. ഒളിവിൽ പോയ ഇവർക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തവെയാണ് മഹാഡിലെ ഒരു ലോഡ്ജിൻ നിന്ന് മനോരമ പിടിയിലായത്. പക്ഷെ ദിലീപ് ഖേദ്കറെ പിടികൂടാൻ പോലീസിനായില്ല.
