ഹിജാബ് കേസിൽ ഭിന്നവിധി; വിഷയം വിശാല ബ‍ഞ്ചിൻ്റെ പരിഗണനയിലേക്ക്തുടർച്ചയായ പത്ത് ദിവസത്തെ വാദത്തിന് ശേഷമാണ് വിധി

You are currently viewing ഹിജാബ് കേസിൽ ഭിന്നവിധി; വിഷയം വിശാല ബ‍ഞ്ചിൻ്റെ പരിഗണനയിലേക്ക്തുടർച്ചയായ പത്ത് ദിവസത്തെ വാദത്തിന് ശേഷമാണ് വിധി

ന്യൂ‍ഡൽഹി: കർണാടകയിലെ ഹിജാബ് കേസിൽ സുപ്രീംകോടതി രണ്ടംഗ ബഞ്ചിൻ്റെ ഭിന്നവിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി തെറ്റാണെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ വ്യക്തമാക്കിയപ്പോൾ ഹിജാബ് നിരോധിക്കാമെന്ന നിലപാടാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. സുപ്രീംകോടതി ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ തീരുമാനമാകാത്തതിനാൽ നിലവിലെ കർണാടക ഹൈക്കോടതി വിധി തുടരാനാണ് സാധ്യത.

ഇതോടെ ഹർജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്ന തീരുമാനം ചീഫ് ജസ്റ്റിസിൻ്റെ പരിഗണനയ്ക്ക് വിട്ടു. തുടർച്ചയായ പത്ത് ദിവസത്തെ വാദത്തിന് ശേഷമാണ് വിധി പറയുന്നത്. ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി.

Image Low Beat

അപ്പീലുകൾക്കെതിരായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിട്ടുണ്ടെന്നും അപ്പീലുകൾ തള്ളിക്കളയാൻ നിർദ്ദേശിക്കുന്നുവെന്നും ആയിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. എന്നാൽ, ഹിജാബ് ധരിക്കുന്നത് ആത്യന്തികമായി തെരഞ്ഞെടുപ്പിൻ്റെ കാര്യമാണ്, മറ്റൊന്നുമല്ല. തൻ്റെ മനസ്സിൽ ഏറ്റവും ഉയർന്നു വന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. തൻ്റെ സഹോദരനായ ജഡ്ജിയോട് ബഹുമനപൂർവം വിയോജിക്കുന്നുവെന്നാണ് ജസ്റ്റിസ് ധൂലിയ വ്യക്തമാക്കിയത്.

രണ്ട് ജഡ്ജിമാരുടെ ഭിന്നവിധി നൽകിയിരിക്കുന്നതിനാൽ കേസ് ചീഫ് ജസ്റ്റിസിൻ്റെ പരിഗണനയിലേക്ക് പോയിരിക്കുകയാണ്. അതിനാൽ ചീഫ് ജസ്റ്റിസിൻ്റെ ഉത്തരവിനായി കാത്തിരിക്കണമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു.

0Shares