
കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ എസ്.എന്‍ കോളജ് ഗോള്‍ഡണ്‍ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസിലെ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്ന് കോടതി ഉത്തരവിട്ടു.
കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി.ജെ.എം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ പരിഗണിച്ചത്. തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

1998ല്‍ എസ്.എന്‍ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്. ഒരു കോടി രൂപ പിരിച്ചെടുത്തതില്‍ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ്.എന്‍ ട്രസ്റ്റിലേക്ക് മാറ്റി. അന്ന് കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ്.എന്‍.ഡി.പി വൈസ്. പ്രസിഡന്‍റ് ആയിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.
കേസില്‍ 2020ല്‍ ക്രൈംബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വെള്ളാപ്പള്ളിയുടെ ആവശ്യം അംഗീകരിച്ച് കോടതി ഇതിന് അനുമതി നല്‍കി. തുടര്‍ന്ന് വെള്ളാപ്പള്ളി പ്രതി അല്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.
എന്നാല്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി.ജെ.എം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ കേസില്‍ ഇനി വെള്ളാപ്പള്ളി വിചാരണ നേരിടേണ്ടി വരും.
