Categories
articles Kerala local news

ഇടുക്കി ജില്ലയുടെ പല ഭാഗത്തും രാത്രി പെയ്ത ശക്തമായ മഴയിൽ പ്രളയം; നിരവധി വാഹനങ്ങൾ ഒഴുകിപോയി; വീടുകൾ തകർന്നു; വെള്ളത്തിൽ മുങ്ങി നിരവധി കെട്ടിടങ്ങൾ; ജനം ദുരിതത്തിൽ..

നെടുങ്കണ്ടം: ഇടുക്കി ജില്ലയുടെ പല ഭാഗത്തും രാത്രി പെയ്ത ശക്തമായ മഴയിൽ വ്യാപക നാശ നഷ്ടം. തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ പെയ്തിറങ്ങിയത് മേഘ സ്ഫോടനത്തിന് സമാനമായ മഴ ഇടുക്കിയിലെ താഴന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. പുലർച്ചവരെ മണിക്കൂറോളം നിർത്താതെ പെയ്ത മഴയാണ് വലിയ പ്രളയമായി മാറിയത്. കനത്ത മലവെള്ളപ്പാച്ചിലിൽ കൂട്ടാറിൽ ട്രാവലർ അടക്കമുള്ള വാഹനങ്ങൾ ഒഴുകി പോയതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കല്ലാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്. തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെ കല്ലാർ ഡാം തുറക്കുകയായിരുന്നു. ഇതും പ്രദേശത്ത് വെള്ളപ്പാച്ചിലിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു. നിരവധി വാഹങ്ങൾ ഒഴുകിപോയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഒട്ടനവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്.

ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആളുകൾ സകലതും ഉപേക്ഷിച്ച് രക്ഷപെടുകയാണുണ്ടായത്. ഒറ്റപെട്ടവരെ രക്ഷാ പ്രവർത്തകർ രക്ഷപെടുത്തുകയാണ്. 2018 ലെ പ്രളയകാലത്ത് വെള്ളം കയറാത്ത സ്ഥലങ്ങളിൽ പോലും ഇപ്പോൾ വെള്ളം കയറിയിരിക്കുന്ന അവസ്ഥയാണ്. ശനിയാഴ്ച പുലർച്ചയോടെയാണ് ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു തുടങ്ങിയത്. പലയിടത്തും മലവെള്ളപ്പാച്ചിലിൽ റോഡുകൾ തകർന്നു. പാലങ്ങൾ മുങ്ങി. പ്രദേശം പ്രളയത്തിലാണ്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ വ്യാപാരികൾക്ക് മാത്രം ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest