
ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംത്തിന് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ആൾ ദൈവം ഭോലെ ബാബയുടെ പരിപാടിക്ക് എത്തിയ സാധാരണ ജനങ്ങൾക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. ജനങ്ങളെ ബോധവൽക്കരിക്കാൻ സർക്കാർ തയ്യാറാവാത്തതിലും അമർഷം പുകയുകയാണ്. സമാന അപകടം മുമ്പും നടന്നിരിക്കെ ഇത് തുടർക്കഥയാവുന്നതിലാണ് പൊതു സമൂഹത്തിൽ ആശങ്ക.

അതെ സമയം ഹത്രസ് സംഭവത്തിൽ പ്രതികരണവുമായി ഭോലെ ബാബയുടെ വീഡിയോ സന്ദേശം പുറത്ത് വന്നു. തൻ്റെ പരിപാടിക്ക് എത്തിയ നൂറിലേറെ പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചതില്‍ ദുഃഖമുണ്ടെന്ന് അദ്ദേഹം പറയുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിൻ്റെ വേദനയില്‍ പങ്കുചേരുന്നു. ദുരന്തമുണ്ടാക്കിയവര്‍ ശിക്ഷിക്കപ്പെടട്ടെ, അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അജ്ഞാത കേന്ദ്രത്തിൽ കഴിയുന്ന അദ്ദേഹത്തെ സന്ദർശിച്ച് പോലീസ് മൊഴി രേഖപ്പെടുത്തിയതായും സൂചനയുണ്ട്. ഈ സൂചന സത്യമെങ്കിൽ യോഗി സർക്കാരും ബാബകൊപ്പം എന്നാണ് സൂചിപ്പിക്കുന്നത്. ഇതുവരെ അദ്ദേഹത്തിന് എതിരെ കേസെടുത്തിട്ടില്ല. ബാബയെ സംരക്ഷിക്കുന്ന നിലപാടാനൊ പോലീസ് സ്വീകരിക്കുന്നത് എന്ന ചോദ്യം ഉയരുകയാണ്.
