
കാസർകോട്: കാഞ്ഞങ്ങാട്ട് മുസ്ലിം യൂത്ത് ലീഗ് പരിപാടിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ തീവ്രവാദ ബന്ധം തള്ളാതെ പൊലീസ്. പ്രതിക്ക് മുദ്രാവാക്യം പഠിപ്പിച്ചു നൽകിയതെന്നാണ് നിഗമനം. പ്രതിക്ക് വാട്‌സ് ആപ്പിലൂടെ അടക്കം മുദ്രാവാക്യം വിളിക്കുന്നതിൽ നിർദേശം ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും.
മുദ്രാവാക്യം വിളിച്ച കല്ലൂരാവി സ്വദേശി അബ്ദുൽ സലാമിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഹോസ്ദുർഗ്ഗ് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബുവും പ്രതിപ്പട്ടികയിൽ ഉണ്ട്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് ജില്ല പോലീസ് മേധാവി വൈഭവ് സഖ് സേന പറഞ്ഞു. കേസിൻ്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഡി.ജി.പി കഴിഞ്ഞ ദിവസം കാസർകോട്ട് എത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഡി.ജി.പി കൂടിക്കാഴ്‌ച നടത്തി. ജില്ലയിലെ ക്രമസമാധാന പാലനവും യോഗത്തിൽ വിലയിരുത്തി. കണ്ണൂർ ഐ.ജി നീരജ് കുമാർ ഗുപ്‌ത, ഡി.ഐ.ജി, എസ്.പി. എ.എസ്.പി, ഡി.വൈ.എസ്.പിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം മുഴങ്ങിയത് വിവാദമായത്. കാഞ്ഞങ്ങാട് സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് പ്രകോപനവും വർഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം ഉയർന്നത്.
അന്യമത വിദ്വേഷ മുദ്രാവാക്യം പ്രവർത്തകൻ വിളിച്ചു കൊടുക്കുമ്പോൾ മറ്റുള്ളവർ അത് ആവേശത്തോടെ ഏറ്റു വിളിക്കുന്നുമുണ്ട്. ഇതിൻ്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഐ.ബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചത്.
