Categories
health Kerala local news news

പെൺകുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടർമാർക്ക് സസ്‌പെന്‍ഷന്‍; സർക്കാർ നടപടി ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളികൊണ്ട്; സംഭവിച്ചത് ഗുരുതര വീഴ്ച്ച, കൈക്ക് പകരം എന്ത് നൽകും.?

പാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടർ മാരെ സംരക്ഷിക്കുന്ന വിധം ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് നീങ്ങിയത്. ചികിത്സയിൽ വീഴ്ചകൾ സംഭവിച്ചതായുള്ള പ്രാഥമിക വിവരത്തിലും നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത വിഷയമായതിനാലുമാണ് സർക്കാരിൻ്റെ നടപടി. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്‌പെന്‍ഷൻ നൽകി ജോലിയിൽ നിന്നും മാറ്റി നിർത്തിയത്.

പെൺകുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിലൂടെ കുടുംബത്തിന് മുന്നിൽ സർക്കാർ നിസ്സഹായരായി. നഷ്ടപരിഹാരം എന്ത് തന്നെ നൽകിയാലും കൈക്ക് പകരമാവില്ല എന്ന പൊതു അഭിപ്രായത്തോട് സർക്കാറും യോജിക്കുന്നു. അതിനാലാണ് പ്രാഥമിക നടപടി എന്ന വിധം ഡോക്ടർമാരെ സസ്‌പെൻഷൻ ചെയ്തിട്ടുള്ളത്. ആരോഗ്യ മന്ത്രിയുടെ ഓഫീസ് പെൺകുട്ടിയുടെ മാതാവിനെ വിളിച്ച് സംസാരിച്ച കാര്യം അവർതന്നെ വ്യക്തമാക്കിയതാണ്. സർക്കാർ ഡോക്ടർമാർക്ക് സംഭവിച്ച വീഴ്ചയിൽ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിൻ്റെ തീരുമാനം. ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാതെ സസ്‌പെൻഷൻ നൽകിയതിലൂടെ സർക്കാർ ഡോക്ടർമാരെ പരോക്ഷമായി സഹായിക്കുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

വീണ് പരിക്കേറ്റ പെൺകുട്ടിയെ കുടുംബം ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം ലഭിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ചതോടെ കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വിട്ടയച്ചു. തുടർന്നുണ്ടായ ഗുരുതര ഇൻഫെക്ഷനാണ് കൈ മുറിച്ചു മാറ്റുന്നതിലേക്ക് എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ തുടർ ചികിത്സക്കിടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു. കൈ മുറിക്കാൻ കാരണം ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest