
കാസറഗോഡ്: വീട്ടിൽ ഘടിപ്പിച്ച ഗ്യാസ് വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് വൻ അപകടം. കാസർകോട്ടെ ചെട്ടുംകുഴിയിലാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. മധുർ ഗ്രാമ പഞ്ചായത്തിലെ 6 ആം വാർഡ് തെഴെ ചെട്ടുംകുഴിയിലെ പി.എ അസൈനാറിൻ്റെ ഉടമസ്ഥതയിലുള്ള ഇരു നില വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. ശനിയാഴ്ച്ച രാവിലെ 10:30 മണിയോടെയാണ് സംഭവം. നാട്ടുകാരെ ഞെട്ടിച്ചുകൊണ്ടുള്ള ഉഗ്ര സ്ഫോടന ശബ്ദമാണ് ആദ്യം കേട്ടത്. ഓടിക്കൂടിയ അയൽവാസികൾ എത്തുമ്പോഴേക്കും വീട്ടുടമസ്ഥൻ അപകടം കൂടാതെ തന്നെ വീടിന് പുറത്ത് ഇറങ്ങിയിരുന്നു. അപകട സമയം വീട്ടിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഇല്ലാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. പൊട്ടിത്തെറിയുടെ ഉഗ്രശബ്ദത്തിൽ വീട്ടിലെ ഡോറുകളും ജനൽ ഗ്ലാസും റൂഫിൽ പാകിയ വലിയ ഗ്ലാസ്സുമെല്ലാം തകർന്ന് തരിപ്പണമായി. ബാത്റൂമിലെ ഡോർ ഇളകി ചിന്നിച്ചിതറിയ നിലയിലാണ്.
മുകളിലെ നിലയിലുള്ള ബാത്റൂമിലാണ് പൊട്ടിത്തെറി ഉണ്ടായതെങ്കിലും പൊട്ടിത്തെറിയുടെ ആഘാതം താഴെ നിലയിലും പരിസരങ്ങളിലെ വീടുകളിലും കുലുക്കമുണ്ടാക്കി. വീട്ടിലെ മുൻഭാഗത്തെ പ്രധാന ഡോറും തകർന്ന നിലയിലാണ്. ഗ്യാസ് സിലിണ്ടർ വീടിന് പുറത്തായിരുന്നതും അപകടം നടന്ന ഉടൻ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്തതും വലിയ തീപിടിത്തം ഒഴിവാക്കാനായി. എന്നാൽ മുകളിലെ നിലയിലുള്ള ബെഡ്റൂമിലെ കർട്ടനുകൾ കത്തിയ നിലയിലാണ്. അപകട വിവരമറിഞ്ഞും ശബ്ദം കെട്ടും സ്ത്രീകൾ അടക്കമുള്ള നിരവധി ആളുകളാണ് സ്ഥലത്തേക്ക് എത്തിയത്. വാർഡ് മെമ്പർ ജലീൽ അറിയിച്ചത് പ്രകാരം വില്ലജ് ഓഫീസർ വീട് സന്ദർശിച്ചു. പഞ്ചായത്ത് സെക്രട്ടറിയും മെമ്പറെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. പോലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിച്ചിട്ടുണ്ട്.

ഗ്യാസ് തീർന്നതിനാൽ പുതിയ സിലിണ്ടർ ഫിറ്റ് ചെയ്ത് വെള്ളം ചുടാവുന്നുണ്ടോ എന്ന് നോക്കാനായിരുന്നു ഉടമസ്ഥൻ താഴെ നിലയിലുള്ള ബാത്‌റൂമിൽ കയറിയത്. അപ്പഴാണ് മുകളിലെ നിലയിൽ പൊട്ടിത്തെറി ഉണ്ടായതെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച വിഗാർഡ് കമ്പനിയുടെ ഗ്യാസ് വാട്ടർ ഹീറ്ററാണ് അപകടമുണ്ടാക്കിയത്. ഇതിലേക്കുള്ള ഗ്യാസ് പൈപ്പ് ദ്രവിച്ചതാണോ അല്ല ഹീറ്ററിലുണ്ടായ തസ്സങ്ങളാണോ അപകട കരണമെന്നത് വ്യക്തമല്ല. അപകടം നാട്ടുകാരെ ഒന്നടങ്കം ഭയപ്പാടിലാക്കിയിട്ടുണ്ട്. ഇത്തരം ഹീറ്ററുകൾ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതകൾ വിൽപ്പനക്കാർ പാലിക്കുന്നില്ല എന്ന ആരോപണം ഉയരുകയാണ്. സർക്കർ തലത്തിൽ നിന്നും ജനങ്ങൾക്ക് ഇത്തരം ഉപയോഗങ്ങളെക്കുറിച്ച് ജാഗ്രതയും ബോധവൽക്കരണം വേണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.
