പ്രവാസികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇരകള്‍; ഗോവയിലെ കാസിനോകളില്‍ ചൂതാട്ടം, വിദേശത്ത് കറങ്ങുന്ന ദമ്പതിമാരുടെ തട്ടിപ്പ് നൂറ് കോടിയിലേറെ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing പ്രവാസികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇരകള്‍; ഗോവയിലെ കാസിനോകളില്‍ ചൂതാട്ടം, വിദേശത്ത് കറങ്ങുന്ന ദമ്പതിമാരുടെ തട്ടിപ്പ് നൂറ് കോടിയിലേറെ

കൊച്ചി: നിക്ഷേപ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വീടുകളും ഫ്ലാറ്റുകളും വാങ്ങിയും രാജ്യത്തെയും വിദേശത്തെയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ താമസിച്ചും ധൂര്‍ത്തടിച്ചെന്ന് ദമ്പതിമാരുടെ മൊഴി.
ന്യൂഡല്‍ഹി വിമാന താവളത്തില്‍ ബുധനാഴ്‌ച അര്‍ധരാത്രിയാണ് മാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഉടമകളായ വാഴക്കാല സ്വദേശി എബിന്‍ വര്‍ഗീസും ഭാര്യ ശ്രീരഞ്ജിനിയും പിടിയിലായത്.

തട്ടിപ്പ് 100 കോടി കവിഞ്ഞു

ഇവര്‍ നടത്തിയ തട്ടിപ്പ് 100 കോടി കവിഞ്ഞെന്നാണ് ലഭിച്ച തെളിവുകള്‍ പ്രകാരം അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തല്‍. ഇതുവരെ 119 പേരാണ് ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ന്യൂഡല്‍ഹിയില്‍ പിടിയിലായ ഇവരെ കഴിഞ്ഞദിവസം കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തു. തട്ടിയെടുത്ത പണത്തില്‍ 50 കോടി രൂപ ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടു എന്നാണ് എബിന്‍ പൊലീസിനോട് പറഞ്ഞത്.

അത് തട്ടിയെടുത്ത കള്ളപ്പണം ഒളിപ്പിക്കാനുള്ള എബിൻ്റെ തന്ത്രമാണോ എന്നു പൊലീസ് സംശയിക്കുന്നു. ഭാര്യക്ക്‌ പണമിടപാടില്‍ പങ്കില്ലെന്നാണ് എബിന്‍ മൊഴി നല്‍കിയത്.

തൃക്കാക്കരയില്‍ ഫ്ലാറ്റ് വാങ്ങി നവീകരിക്കാന്‍ ആറു കോടി ചെലവഴിച്ചു. ഫ്ലാറ്റ് സമുച്ചയത്തില്‍ രണ്ടു നിലകളിലായുള്ള അപ്പാര്‍ട്‌മെണ്ടുകള്‍ വാങ്ങി അവ കൂട്ടിച്ചേര്‍ത്ത് ആഡംബര വീടാക്കിയെന്നും എബിന്‍ പൊലീസിനോട് പറഞ്ഞു.

ക്രിക്കറ്റ് ടീം രൂപീകരിച്ചു

എന്നാല്‍ അടുത്തയിടെ ഇത് എബിൻ്റെ പേരില്‍ നിന്നും മാറ്റിയതായി പൊലീസ് കണ്ടെത്തി. ഗോവയിലെ കാസിനോകളില്‍ ചൂതാട്ടം, വിവിധ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങല്‍, ആഡംബര കാറുകളും ഫ്‌ളാറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മുതല്‍ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടിയും തട്ടിയെടുത്ത പണം ചെലവഴിച്ചതായാണ് സൂചന. മാസ്‌റ്റേഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ എറണാകുളം കേന്ദ്രീകരിച്ച്‌ ക്രിക്കറ്റ് ടീം രൂപീകരിച്ചിരുന്നു. ജില്ലയില്‍ മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങി.

തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഫിന്‍കോര്‍പ്പ്, മാസ്റ്റേഴ്‌സ് ഫിന്‍ സെര്‍വ്, മാസ്റ്റേഴ്‌സ് ഫിന്‍ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. 2013ല്‍ തൃക്കാക്കരയില്‍ മാസ്റ്റേഴ്‌സ് ഫിന്‍കോര്‍പ്പ് എന്ന സ്ഥാപനമാണ് ഇവര്‍ ആദ്യം ആരംഭിച്ചത്. ഓഹരി വിപണിയില്‍ 2017 വരെ പണം നിക്ഷേപിച്ച്‌ ഇടപാടുകള്‍ നടത്തിയിരുന്നു.

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌ പ്രവാസികള്‍, സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തട്ടിപ്പിനിരയാക്കിയെന്നും, കോടികള്‍ തട്ടിയെടുത്തെന്നുമാണ് ലഭിക്കുന്ന വിവരം.

തട്ടിപ്പിൻ്റെ വ്യാപ്തി ഇനിയും കൂടുമെന്ന് പൊലീസ്

ദുബായിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹി വിമാന താവളത്തില്‍ വെച്ച്‌ എബിന്‍ വര്‍ഗീസും ശ്രീരഞ്ജിനിയും പിടിയിലാകുന്നത്. തട്ടിയെടുത്ത പണം കൊണ്ട് ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ എബിനും ഭാര്യയും തീരുമാനിച്ചിരുന്നു. എന്നാല്‍ കേസുകള്‍ കാരണം പോകാനായില്ല. കേസുകളുടെ എണ്ണം കൂടിയതോടെ ഖത്തര്‍ യാത്ര ഒഴിവാക്കി ദുബായിലേക്ക് പോകുകയായിരുന്നു.

കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ എബിന്‍ വര്‍ഗീസിനെയും ശ്രീരഞ്ജിനിയെയും ജനുവരി 19 വരെ റിമാണ്ട് ചെയ്തു. ഓഹരി തട്ടിപ്പിൻ്റെ വ്യാപ്തി ഇനിയും കൂടുമെന്നും, കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും കൊച്ചി ഡി.സി.പി എസ്.ശശിധരന്‍ പറഞ്ഞു.

0Shares