Categories
local news

നായ്മാർമൂലയിൽ ഫ്ലൈഓവർ അനുവദിക്കണം; ആവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

നിലവിൽ എൻ.എച്ച് പ്രവർത്തി പ്രകാരം വളരെ ഉയരത്തിലൂടെയാണ് ഹൈവേ കടന്ന് പോകുന്നത്. ഇത് ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കും.

ചെങ്കള (കാസർകോട്): അനുദിനം വളരുന്ന നായ്മാർമൂല ടൗണിലും എൻ.എച്ച് ഫ്ലൈഓവർ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി ഭാരവാഹികൾ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയെ നേരിട്ട് കണ്ട് നിവേദനം നൽകി. കാസർകോട് ടൗൺ കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ സ്ഥലമാണ് നായ്മാർമൂല.

നിരവധി കച്ചവട സ്ഥാപനങ്ങൾ സ്കൂൾ, മദ്രസ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവ:ഹോമിയോ, വെറ്റനറി ആശുപത്രികൾ, മസ്ജിദ്, അക്ഷയകേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു. കൂടാതെ പെരുമ്പള, ദേളി ഭാഗത്തേക്കും ആലംപാടി, മാന്യ ഭാഗത്തേക്കും കടന്ന് പോകുന്ന പ്രധാന റോഡുകളും കൂടിച്ചേരുന്ന ഇടവും കൂടിയാണ് നായ്മാർമൂല ജംക്ഷൻ.

മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പോകുന്ന പ്രധാന വഴിയും നായ്മാർമൂല ജംക്ഷനാണ്. ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രധാന ജനവാസ കേന്ദ്രം കൂടിയായ ഇവിടം വലിയ തിരക്കുള്ള നഗരമായിമാറിയിട്ടുണ്ട്. നിലവിൽ എൻ.എച്ച് പ്രവർത്തി പ്രകാരം വളരെ ഉയരത്തിലൂടെയാണ് ഹൈവേ കടന്ന് പോകുന്നത്. ഇത് ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കും. ഫ്ലൈഓവർ അനുവദിച്ചില്ലങ്കിൽ ഭാവിയിൽ ദേശീയപാതതന്നെ വലിയ കുരുക്കായി മാറും.

നിർമ്മാണത്തിന് മുന്നേ ദീർഘവീക്ഷണത്തോടെ അധികാരികൾ കാര്യങ്ങൾ മനസ്സിലാക്കണം. വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയ തീരുമാനത്തിൽ തന്നെ അധികാരികൾ ഉറച്ചു നിൽക്കുന്നത് നാടിൻ്റെ പുരോഗതിക്ക് തടസ്സം നിൽക്കുന്നതിന് തുല്യമാണ്. നിർമ്മാണങ്ങൾ 30 വർഷം മുന്നിൽ കണ്ട് വേണം, എങ്കിലേ ഭാവി തലമുറക്ക് അത് ഉപകാരപ്പെടുമെന്നും ഭാരവാഹികൾ പറഞ്ഞു.

ജനങ്ങളുടേയും, വ്യാപാരികളുടേയും ബുദ്ധിമുട്ട് മനസ്സിലാക്കി നായ്മാർമൂലയിൽ ഫ്ലൈഓവറും, സന്തോഷ്നഗറിൽ അണ്ടർപാസും അനുവദിക്കാനാവശ്യമായ സമ്മർദ്ദം ഹൈവേ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് നടത്തണമെന്ന് വ്യാപാരി നേതാക്കൾ എം.എൽ.എക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാനാവശ്യമായ ഇടപെടൽ നടത്തുമെന്ന് എം.എൽ.എ ഉറപ്പ് നൽകിയിട്ടുണ്ട്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പ്രസിഡന്റ് അൻവർ പി.പി, ജനറൽ സെക്രട്ടറി ബദ്റുദ്ദീൻ പ്ലാനറ്റ്, ട്രഷർ സജ എം.കെ, മഹമൂദ് തൈവളപ്പ്, അബ്ദുല്ല എൻ.എം, ഇബ്രാഹിം സിറ്റിവാച്ച്, മുഹമ്മദ് കുഞ്ഞി കപ്പാട്ട്, ഇബ്രാഹിം ചാൽക്കര, അഷ്റഫ് ഒൺ.ടു.ഒൺ മൊബൈൽ, ഹമീദ് ട്രൂലൈൻ,അഷ്റഫ് മൂലയിൽ, പത്മിനി ടൈലറിംഗ്, ലത്തീഫ് ടോടോ മാൾ, അബ്ദുൽ ഖാദർ അറഫ, സവാദ് ബദ്രിയ, അബ്ദുൽ സത്താർ ബുളളറ്റ്, ബി.എസ് അബൂബക്കർ, ശിഹാബ് നാമി തുടങ്ങിയവർ സംബന്ധിച്ചു.

സമാനമായ അവസ്ഥയാണ് സന്തോഷ്നഗറിലെ വ്യാപാരികളും, പൊതുജനങ്ങളും അനുഭവിക്കുന്നത്. ഒരു അണ്ടർ പാസ് അനുവധിക്കണമെന്ന ആവശ്യമാണ് സന്തോഷ്നഗറിലെ ജനങ്ങൾ മുന്നോട്ട് വെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമരങ്ങളും നടത്തിയിട്ടുണ്ട് സന്തോഷ്നഗർ നിവാസികൾ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest