Categories
national news trending

അഞ്ചുകോടി രൂപ, തോക്കുകള്‍, മദ്യം; ഇ.ഡി പിടിച്ചെടുത്തത് ഹരിയാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ വസതിയില്‍ നിന്ന്

പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇ.ഡി അന്വേഷണം നടത്തിയത്

ന്യുഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ എം.എല്‍.എയുടെയും വീടുകളില്‍ ഇ.ഡി നടത്തിയ റെയ്‌ഡ്‌ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും വിദേശ മദ്യവും തോക്കുകളും സ്വര്‍ണ ബിസ്‌ക്കറ്റുകളും.

അഞ്ചുകോടി രൂപ, 100 കുപ്പി മദ്യം, നിരവധി വിദേശ നിര്‍മ്മിത തോക്കുകള്‍, 300ലേറെ തിരകള്‍, 4- 5 കിലോഗ്രാം തൂക്കം വരുന്ന മൂന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ എന്നിങ്ങനെ പിടിച്ചെടുത്തവയുടെ പട്ടിക.

കോണ്‍ഗ്രസ് എം.എല്‍.എ സുരേന്ദര്‍ പന്‍വാര്‍, ഇന്ത്യന്‍ നാഷണല്‍ ലോക്‌ദൾ മുന്‍ എം.എല്‍.എ ദില്‍ബാഗ് സിംഗ്, ഇവരുടെ കൂട്ടാളികള്‍ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടന്നത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ടാണ് പരിശോധന. വ്യാഴാഴ്‌ച വൈകിട്ടാണ് പരിശോധന തുടങ്ങിയത്.

സോണിപത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് പന്‍വാര്‍. യമുനാനഗര്‍ മുന്‍ എം.എല്‍.എയാണ് സിംഗ്. യമുനാനഗര്‍, സോണിപത്ത്, മൊഹാലി, ഫരീദാബാദ്, ചണ്ഡിഗഢ്, കര്‍ണാല്‍ തുടങ്ങി 20 ഓളം കേന്ദ്രങ്ങളിലാണ് ഇ.ഡിയുടെ പരിശോധന.

2013ല്‍ ഹരിയാന പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇ.ഡി കള്ളപ്പണ ഇടപാടില്‍ അന്വേഷണം നടത്തിയത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ തടഞ്ഞിട്ടും യമുനാനഗറിലും പരിസര പ്രദേശങ്ങളിലും അനധികൃതമായി മണല്‍ ഖനനം നടന്നുവെന്ന് കണ്ടെത്തിയാണ് അന്ന് പോലീസ് കേസെടുത്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest