Categories
entertainment

അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് സെക്രട്ടറിയേറ്റിലെ പി.ആര്‍ ചേംബറില്‍ വെച്ച് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി പൃഥ്വിരാജ് സുകുമാരന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി ഉര്‍വശിയും (ഉള്ളൊഴുക്ക്) ബീന ആര്‍ ചന്ദ്രനും (തടവ്) തിരഞ്ഞെടുക്കപ്പെട്ടു.

ആടുജീവിതം സംവിധാനം ചെയ്ത ബ്ലെസി മികച്ച സംവിധായകനായി. കാതല്‍ ആണ് മികച്ച ചിത്രം. ആടുജീവിതം മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായി റോഷന്‍ മാത്യു, സുമംഗല എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. നവാഗത സംവിധായകനുള്ള തടവിലൂടെ ഫാസില്‍ റസാഖ് സ്വന്തമാക്കി. മികച്ച ശബ്ദ മിശ്രണത്തിനുള്ള അവാര്‍ഡ് റസൂല്‍ പൂക്കുട്ടിക്ക് ശരത് മോഹനും ലഭിച്ചു. മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം രഞ്ജിത് അമ്പാടി സ്വന്തമാക്കി. മികച്ച സ്വഭാവ നടനായി വിജയരാഘവനും സ്വഭാവ നടിയായ ശ്രീഷ്മ ചന്ദ്രനും മികച്ച ബാലതാരമായി (പെണ്‍) തെന്നല്‍ അഭിലാഷും അവ്യൂദ് മേനോനും (ആണ്‍) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ആടുജീവിതത്തിലൂടെ ബ്ലെസി സ്വന്തമാക്കി. രോഹിത് എം.ജി കൃഷ്ണന്‍ ഇരട്ടയിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. മികച്ച പശ്ചാത്തല സംഗീത സംവിധായകനായി മാത്യൂസ് പുളിക്കലും സംഗീത സംവിധായകനായി ജസ്റ്റിന്‍ ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടു. സംഗീത് പ്രതാപാണ് മികച്ച എഡിറ്റര്‍. ഹരീഷ് മോഹനന്‍ ആണ് മികച്ച ഗാനരചയിതാവ്. മികച്ച ഗായികയായി ആന്‍ ആമിയും ഗായകനായി വിദ്യാധരന്‍ മാസ്റ്ററും തിരഞ്ഞെടുക്കപ്പെട്ടു. 160 ചിത്രങ്ങളാണ് ഇക്കുറി മത്സര രംഗത്തുണ്ടായത്. 2023ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മുതിർന്ന സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയാനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനും പ്രാഥമിക ജൂറി അധ്യക്ഷന്‍മാരായും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളായും പാനലിലുണ്ടായിരുന്നു.

അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം: പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആടുജീവിതം അവാർഡുകൾ സ്വന്തമാക്കി. മികച്ച നടൻ, സംവിധായകൻ, ജനപ്രിയ ചിത്രം ഉൾപ്പടെ എട്ട് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ബെന്യാമിൻ്റെ ജനപ്രിയ നോവലായ ആടുജീവിതത്തിൻ്റെ സിനിമാവിഷ്കാരമായിരുന്നു ആടുജീവിതം എന്ന സിനിമ. യഥാർത്ഥ ജീവിതവുമായി ബന്ധപ്പെട്ട നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയായിരുന്നു പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചിരുന്നത്. താരത്തിൻ്റെ 22 വർഷം നീണ്ട സിനിമ കരിയറിലെ തന്നെ ഏറ്റവും ഗംഭീരവും കഠിനവുമായ പ്രകടനമായിരുന്നു നജീബിലൂടെ പൃഥ്വി കാഴ്ചവെച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *