കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം കബറടക്കി; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ; മന്ത്രി റോഷി അഗസ്റ്റിൻ വീട് സന്ദർശിച്ചു

You are currently viewing കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം കബറടക്കി; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ; മന്ത്രി റോഷി അഗസ്റ്റിൻ വീട് സന്ദർശിച്ചു

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം കബറടക്കി. മുള്ളരിങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് കബറടക്കം. പുലർച്ചയോടെയാണ് പോസ്റ്റ‌്മോർട്ടം നടപടി പൂർത്തിയാക്കി അമറിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. ഇന്നലെയാണ് മേയാൻ വിട്ട പശുവിനെ വീട്ടിലേക്ക് കൊണ്ടുവരാനായി പോയ 22 കാരനെ കാട്ടാന ആക്രമിച്ചത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ അമറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പല തവണകളിലായി ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൾ നൽകിയിട്ടുണ്ട്. ശാശ്വതപരിഹാരം കാണാൻ സർക്കാരിന് ആയിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ഹർത്താൽ ആഹ്വനം ചെയ്തിട്ടുണ്ട്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലി സ്ഥാപിക്കൽ, ആ‍ർ.ആർ.ടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്. മന്ത്രി റോഷി അഗസ്റ്റിൻ രാവിലെ മരിച്ച അമറിൻ്റെ വീട്ടിലെത്തി മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. യുവാവിൻ്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares