ലഹരി തേടുന്ന കുട്ടികൾ; മുത്തച്ഛന് വേണ്ടി യുനാനി പൊടി വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍, പതിവായി എത്തുന്നത് പ്രശ്നമാകുന്നെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍, അന്വേഷണം തുടങ്ങി

You are currently viewing ലഹരി തേടുന്ന കുട്ടികൾ; മുത്തച്ഛന് വേണ്ടി യുനാനി പൊടി വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍, പതിവായി എത്തുന്നത് പ്രശ്നമാകുന്നെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍, അന്വേഷണം തുടങ്ങി

കാസർകോട്: സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ യുനാനി പൊടിയും വീര്യം കൂടിയ കഫ് സിറപ്പും തേടി വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി എത്തുന്നതില്‍ ദുരൂഹത. ഹോമിയോ മരുന്നു കടകളില്‍ വിതരണം ചെയ്യുന്ന യുനാനിക്കുവേണ്ടി കുട്ടികള്‍ മറ്റ് മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തുന്നതിനാൽ ആണ് സംശയമേറുന്നത്. ചോദ്യം ചെയ്താല്‍ അച്ഛനോ അപ്പൂപ്പനോ വേണ്ടി വാങ്ങുന്നതാണെന്നാവും മറുപടി. വിശദമായ അന്വേഷണത്തില്‍ ഇത് കുട്ടികള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നു എന്ന് വ്യക്തമായതായി അദ്ധ്യാപകരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു.

ജലദോഷം, തലവേദന, മയക്കം തുടങ്ങിയ അസുഖകരമായ അവസ്ഥയെ ശമിപ്പിക്കാനാണ് യുനാനി സ്നഫിംഗ് പൗഡര്‍ സാധാരണയായി ഉപയോഗിക്കുന്നത്. പുകയില മുക്തമായ പൊടി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് ശാസ്ത്രീയ പഠനം. എന്നാല്‍, മയക്കുമരുന്ന് പൊടികളോ മറ്റോ കലര്‍ത്തിയാണോ കുട്ടികള്‍ ഇത് ഉപയോഗിക്കുന്നതെന്ന സംശയമാണ് ഉയരുന്നത്.

സ്ഥിരമായി പൊടി തേടി എത്തുന്നതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ സംശയം ജനിക്കാന്‍ കാരണം. അടുത്തിടെ ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് യുനാനി പൊടിയുടെ കുപ്പി കണ്ടെത്തിയ രക്ഷിതാവിനോട്, മിഠായി വാങ്ങിയപ്പോള്‍ കിട്ടിയ കുപ്പിയെന്നായിരുന്നു മറുപടി. സ്‌കൂളിലെ ചെറിയ ക്ലാസുകളിലെ കുട്ടികളെ പൊടി വാങ്ങാനായി മുതിര്‍ന്ന കുട്ടികള്‍ അയയ്ക്കുന്നുണ്ടെന്ന് സംശയമുള്ളതായി വാർത്തകളുണ്ട്.

ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ദിവസം യുനാനി പൊടി തേടിയെത്തിയ വിദ്യാര്‍ത്ഥിയോട് ആര്‍ക്ക് വേണ്ടിയെന്ന ചോദ്യത്തിന് അച്ഛന് വേണ്ടിയെന്നായിരുന്നു മറപടി. അച്ഛന്റെ വിലാസം ചോദിച്ച്‌ മനസിലാക്കിയ മെഡിക്കല്‍ ഷോപ്പുടമ, അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ യുനാനി പൊടി എന്തിനുള്ളതാണെന്ന് പോലും ബസ് ജീവനക്കാരനായ ആ രക്ഷിതാവിന് അറിയില്ലായിരുന്നു.

മറ്റൊരു കടയില്‍ പൊടി വാങ്ങാനെത്തിയ നാലാം ക്ലാസുകാരനോട് തിരക്കിയപ്പോഴാണ് മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ അയയ്ക്കുന്നതാണെന്ന് വ്യക്തമായത്. പൊടി തേടി കുട്ടികള്‍ സ്ഥിരമായി എത്തുന്നതിനാല്‍ പൊലീസിലും വിദ്യാലയങ്ങളിലും വിവരം പങ്കുവെച്ചതായി മെഡിക്കല്‍ ഷോപ്പുടമകള്‍ പറയുന്നു.

‘മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘം കുട്ടികളെ വലയിലാക്കിയിട്ട് ഉണ്ടോയെന്ന് സംശയമുണ്ട്. രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണം. യുനാനി പൊടിയില്‍ മയക്കുമരുന്ന് കലര്‍ത്തി ഉപയോഗിക്കുന്നു എന്ന സംശയം സത്യമാണെങ്കില്‍ വലിയ അപകടമാണ് പതിയിരിക്കുന്നത്.’-മെഡിക്കല്‍ ഷോപ്പ് ഉടമകള്‍. ചില ആയുർവേദ ഷോപ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്‌പിറ്റ് അരിഷ്ടത്തിൽ അളവിൽ അധികം ചേർത്ത് ഔൺസ് കണക്കിന് ലഭിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പും പോലീസ് നാർക്കോട്ടിക് സെല്ലും നിരീക്ഷണം തുടങ്ങിയാതായി ചില ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

0Shares