Trending News





കാസർകോട്: കത്തിയെരിയുന്ന കെട്ടിടത്തിൽ നിന്ന് നളിനാക്ഷൻ്റെ ജീവൻ രക്ഷിച്ചത് വാട്ടർടാങ്ക്. ചുറ്റും തീയും നിലവിളികളും ഉയരുന്നതിനിടെ ആണ് താഴെയുള്ള വാട്ടർ ടാങ്കിൻ്റെ കാര്യം ആലോചിച്ചത്. ചാടാൻ പറ്റുന്ന രീതിയിലുള്ളത് ആയിരുന്നു ടാങ്ക്. പിന്നെ ഒന്നും ആലോചിച്ചില്ല മൂന്നാം നിലയിൽ നിന്ന് താഴെയുള്ള വെള്ളടാങ്കിലേക്ക് നളിനാക്ഷൻ എടുത്തുചാടി.
Also Read
കുവൈറ്റിലെ അപകട വാർത്തകൾ പുറത്തു വന്നതോടെ തൃക്കരിപ്പൂർ ഒളവറയിലെ വീട്ടിൽ അമ്മ ടി.വി ശാരദയും സഹോദരങ്ങളും ആശങ്കയിലായിരുന്നു. അതിനിടെയാണ് ഇവരെ തേടി നളിനാക്ഷൻ്റെ ഫോൺ കോൾ എത്തി. കരിപ്പൂർ സ്വദേശിയായ നളിനാക്ഷൻ പത്ത് വർഷത്തിലേറെയായി കുവൈറ്റിൽ ജോലി ചെയ്യുകയാണ്.
‘കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ തീയിലും പുകയിലും പെട്ടപ്പോൾ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിൻ്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി,’ -എന്നാണ് നളിനാക്ഷൻ പറയുന്നത്.

നിലവിൽ ജാബിരിയയിലെ മുബാറകിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. വീഴ്ചയിൽ പരിക്കേറ്റ നളിനാക്ഷന് ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞതായി സുഹൃത്തുക്കൾ പറഞ്ഞു. ബ്ലഡ് ഡോണേഴ്സ് കേരള, തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി എന്നിവയുടെ സജീവ പ്രവർത്തകനാണ് നളിനാക്ഷൻ.
ബുധനാഴ്‌ച പുലർച്ച 4.30ഓടെയുണ്ടായ അപകടത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ വർധിക്കാൻ കാരണമായി.

Sorry, there was a YouTube error.