
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ജൂലൈ 25 തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്കെതിരെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മുർമു, ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവി വഹിക്കുന്ന ആദ്യ വനിതാ ഗോത്രവർഗ നേതാവാണ്. ഈ വിജയത്തിലൂടെ മുർമുവിൻ്റെ പേരിൽ നിരവധി ആദ്യ നേട്ടങ്ങളുണ്ട്. അവർ രാഷ്ട്രപതി ഭവനിലേക്ക് എത്തുന്ന ആദ്യത്തെ ഗോത്രവർഗക്കാരി മാത്രമല്ല, 64 വയസ്സുള്ള മുർമു സ്വാതന്ത്ര്യാനന്തരം ജനിച്ച, ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ പ്രസിഡണ്ടുമായിരിക്കും.
2015ൽ ജാർഖണ്ഡ് ഗവർണറായി നിയമിതയായ ആദ്യ വനിത കൂടിയായിരുന്നു അവർ. ആ സ്ഥാനത്തോടെ സ്വന്തം സംസ്ഥാനമായ ഒഡീഷയിൽ നിന്ന് ഗവർണറാകുന്ന ആദ്യ ആദിവാസി വനിതയായി മുർമു മാറി. സാന്താൽ വിഭാഗത്തിൽ നിന്നുള്ള പരിചയസമ്പന്നനായ ഗോത്ര നേതാവാണ് മുർമു. ജാർഖണ്ഡിലെ ഏറ്റവും വലിയ ഗോത്രമാണ് സാന്താളുകൾ. അസം, ത്രിപുര, ബീഹാർ, ഛത്തീസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഇവരുടെ സാന്നിധ്യം ഉണ്ട്.

1958 ജൂൺ 20-ന് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ ജനിച്ച മുർമു 1997ൽ കൗൺസിലറായും റൈരംഗ്പൂർ പൗരസമിതിയുടെ വൈസ്. ചെയർപേഴ്‌സണായും രാഷ്ട്രീയ ജീവിതം ആരംഭിച്ചു. അതേ വർഷം തന്നെ അവർ ഒഡീഷ ബി.ജെ.പിയുടെ എസ്.ടി മോർച്ചയുടെ വൈസ്. പ്രസിഡണ്ടായി നിയമിതയായി.
2000ൽ ബി.ജെ.പിയും ബിജു ജനതാദളും ചേർന്ന് സഖ്യസർക്കാർ രൂപീകരിച്ചപ്പോൾ അവർ റായ്‌രംഗ്‌പൂരിലെ എം.എൽ.എയായി. 2000 മുതൽ 2004 വരെ ഒഡീഷയുടെ ഗതാഗത വാണിജ്യ വകുപ്പിൻ്റെ സഹമന്ത്രിയായി (സ്വതന്ത്ര ചുമതല) പ്രവർത്തിച്ചു. കൂടാതെ 2002 മുതൽ 2004 വരെ സംസ്ഥാനത്തിൻ്റെ മൃഗസംരക്ഷണ വകുപ്പിൻ്റെയും 2002 ൽ ഫിഷറീസ് വകുപ്പിൻ്റെയും ചുമതലയും വഹിച്ചു.
തീർത്തും സാധാരണ പശ്ചാത്തലത്തിൽ നിന്ന് വന്ന മുർമു, രാജ്യത്തെ ഏറ്റവും വിദൂരവും അവികസിതവുമായ ജില്ലകളിലൊന്നിൽ ദാരിദ്ര്യത്തോടും വ്യക്തിപരമായ ദുരന്തങ്ങളോടും പോരാടി രാഷ്ട്രീയ നിരകളിലൂടെ ഉയർന്നു. സമൂഹത്തെ സേവിക്കാനുള്ള അതിയായ ആഗ്രഹത്തിൽ അവർ ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിൽ നിന്ന് ബി.എ ബിരുദം നേടി.

2002- 2009 കാലഘട്ടത്തിൽ അവർ ബിജെപിയുടെ എസ്ടി മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു. 2004ൽ വീണ്ടും അവർ റൈരംഗ്പൂർ എം.എൽ.എ ആയി. തുടർന്ന് 2006 മുതൽ 2009 വരെ ബി.ജെ.പിയുടെ എസ്.ടി മോർച്ചയുടെ സംസ്ഥാന പ്രസിഡണ്ടായി നിയമിക്കപ്പെട്ടു. മികച്ച സംഭാവനയ്ക്കുള്ള പ്രതിഫലമായി 2007ൽ നിയമസഭയിൽ നിന്ന് ‘മികച്ച എംഎൽഎക്കുള്ള നീലകണ്ഠ അവാർഡ് ലഭിച്ചു.
1979 മുതൽ 1983 വരെ ഒഡീഷ സർക്കാരിൻ്റെ ജലസേചന- വൈദ്യുതി വകുപ്പിൽ ജൂനിയർ അസിസ്റ്റണ്ട് തസ്തികയിൽ സർക്കാർ ഉദ്യോഗസ്ഥയായും അവർ സേവനമനുഷ്ഠിച്ചു. സാമൂഹിക പ്രവർത്തകയെന്ന നിലയിൽ, റായ്‌രംഗ്‌പൂരിലെ ശ്രീ അരബിന്ദോ ഇൻ്റെഗ്രൽ എജ്യുക്കേഷൻ സെൻ്റെറിൽ ശമ്പളമില്ലാതെ വിദ്യാർത്ഥികളെ പഠിപ്പിച്ചു.
