
കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുകയും ജലാശയങ്ങൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 11 തിങ്കൾ ) ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല.

ജില്ലയിൽ തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനാൽ നീലേശ്വരം പാലായിയിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി. മധുവാഹിനി കരകവിഞ്ഞതോടെ മധൂർ ക്ഷേത്ര പരിസരം വെള്ളത്തിന് അടിയിലായി. കനത്ത മഴയെ തുടർന്ന് വെള്ളരിക്കുണ്ട് പനത്തടി കമ്മാടി കോളനിയിലെ ഒൻപത് കുടുംബങ്ങളിലെ 29 പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
