കാക്കിക്കുള്ളിലെ ഒരു മിത്രത്തെ കൂടി സർക്കാർ കയ്യൊഴിഞ്ഞു; DIG എം.കെ വിനോദ് കുമാറിന് സസ്പെൻഷൻ; ടി.പി കേസിലെ പ്രതികൾക്ക് അടക്കം ജയിലിൽ സുഖസൗകര്യമൊരുക്കി; വിജിലൻസ് കണ്ടെത്തൽ; കൂടുതൽ അറിയാം..

You are currently viewing കാക്കിക്കുള്ളിലെ ഒരു മിത്രത്തെ കൂടി സർക്കാർ കയ്യൊഴിഞ്ഞു; DIG എം.കെ വിനോദ് കുമാറിന് സസ്പെൻഷൻ; ടി.പി കേസിലെ പ്രതികൾക്ക് അടക്കം ജയിലിൽ സുഖസൗകര്യമൊരുക്കി; വിജിലൻസ് കണ്ടെത്തൽ; കൂടുതൽ അറിയാം..

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായ ജയിൽ DIG എം.കെ വിനോദ് കുമാറിന് സസ്പെൻഷൻ. വൻ തുക കൈക്കൂലി വാങ്ങി ടി.പി കേസിലെ പ്രതികൾക്ക് അടക്കം വിനോദ് കുമാർ ജയിലിൽ സുഖസൗകര്യമൊരുക്കി എന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. ഇതേ തുടർന്നാണ് സസ്പെൻഷൻ. സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ട് നാലു ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. DIG എം.കെ വിനോദ് കുമാർ ഇടത് നേതാക്കൾക്ക് വേണ്ടപ്പെട്ട ആളാണ്. അതിനാൽ തന്നെ സർക്കാരിൽ സമ്മർദ്ദം ചെലുത്തി സർവീസിൽ തുടരാൻ ശ്രമം നടത്തി. എന്നാൽ മാധ്യമ വാർത്തകൾ വരുന്നതും കൈക്കൂലിക്കാരെ സംരക്ഷിക്കുന്നതും സർക്കാരിന് തലവേദനയാകും എന്ന കണ്ടതോടെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. DIG എം.കെ വിനോദ് കുമാർ നടത്തിയ ഞെട്ടിക്കുന്ന അഴിമതി വിവരങ്ങളാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞിട്ടും സി.പി.എം സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസെടുത്ത വിജിലൻസ് ഡയറക്ടർ നാലു ദിവസം മുമ്പ് തന്നെ സസ്പെൻഷന് ശുപാർശ ചെയ്തിരുന്നു. എന്നാൽ സർവീസിൽ തുടരാൻ ശ്രമിച്ചത് സർവീസ് കാലാവധി പൂർത്തിയാക്കാൻ നാലുമാസം മാത്രം ബാക്കിയുണ്ട് എന്ന ചൂണ്ടിക്കാട്ടിയാണ്. അതിന് സർക്കാർ വഴങ്ങിയില്ല. അന്വേഷണം തീരും വരെ സസ്പെൻഷൻ തുടരും.

ടി.പികേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത് എന്നിവരിൽ നിന്ന് പരോളിന് പണം വാങ്ങി, ലഹരിക്കേസ് പ്രതികൾക്കും ക്വട്ടേഷൻ പ്രതികൾക്കും ജയിലിൽ സൗകര്യം ഒരുക്കാനും വൻതുക കൈപ്പറ്റി എന്നിവയാണ് വിജിലൻസ് കണ്ടെത്തൽ. ശമ്പളത്തിന് പുറമെ വിനോദ് കുമാറിൻ്റെയും ഭാര്യയുടേയും അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ പ്രതിമാസം എത്തിയതും കണ്ടെത്തി. വിനോദ് കുമാർ ജയിലുകളിൽ ചട്ടവിരുദ്ധമായി സന്ദർശിച്ച് തടവുകാരുമായി കൂടിക്കാഴ്ച നടത്തിയതിലും ദുരുഹൂതയുണ്ട്. മധ്യമേഖല ജയിൽ ഡി.ഐ.ജി മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിട്ടും നടപടി ഉണ്ടായില്ല. അനധികൃത സ്വത്ത് സമ്പാദനകേസിൽ പ്രതിയായിട്ടും ഉന്നതങ്ങളിലെ സംരക്ഷണമാണ് തുണയായത്. ഒടുവിൽ കൈവിട്ടുള്ള പിന്തുണ വലിയ ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ കയ്യൊഴിഞ്ഞ് സസ്പെൻഷൻ നൽകിയത്.

0Shares