Categories
local news news

10 ജില്ലകളിൽ തെളിവെടുപ്പ് പൂർത്തിയായി; ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ

കാസർകോട്: ജില്ലയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡിലിമിറ്റേഷൻ കമ്മീഷൻ്റെ തെളിവെടുപ്പ് നടന്നു. പരാതികൾ വിശദമായി പരിശോധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായി നടപടി സ്വീകരിക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ.ഷാജഹാൻ പറഞ്ഞു. കമ്മീഷൻ ഹിയറിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 10 ജില്ലകളിൽ തെളിവെടുപ്പ് നടന്നു കഴിഞ്ഞു. കാസർകോട് ജില്ലയിൽ 854 പരാതികളാണ് പരിഗണിച്ചത്. കമ്മീഷന് മുന്നിലെത്തിയ മുഴുവൻ പരാതികളും നേരിൽ കേട്ടുവെന്നും ജില്ലാ തലത്തിലുള്ള തെളിവെടുപ്പ് അവസാനിച്ച ശേഷം പരാതികൾ വീണ്ടും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു. അവശ്യ ഘട്ടങ്ങളിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോട് വിശദാംശങ്ങൾ തേടും.

വാർഡുകളുടെ പേര് മാറ്റം, അതിർത്തി നിർണയത്തിലെ അപാകത, വിട്ട് പോകൽ, വീട്ട് നമ്പർ ഇരട്ടിപ്പ്, കമ്മീഷൻ പ്രസിദ്ധീകരിച്ച മാപ്പും അതിർത്തികളും തമ്മിലുള്ള അപാകതകൾ തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിൽ എത്തിയത്. കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം പി. അഖിൽ, ഡീലിമിറ്റേഷൻ കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ. പ്രശാന്ത് കുമാർ, കമ്മീഷൻ ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest