
ഇലക്ഷൻ സ്പെഷ്യൽ
ചെങ്കള/ കാസർകോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിൽ സിറ്റിംഗ് സീറ്റ് നിലനിർത്താൻ കാസർകോട് ജില്ലയിൽ യു.ഡി.എഫിന് കടുത്ത മത്സരമാണ് കാഴ്ച്ച വെക്കേണ്ടിവരുന്നത്. ഇതിൽ പ്രധാനമാണ് കാസർകോട് ജില്ലാ പഞ്ചായത്തിലേകുള്ള ചെങ്കള ഡിവിഷൻ. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വവും പാർലമെന്ററി ബോർഡ് അംഗങ്ങളും ചേർന്ന് പ്രഖ്യാപിച്ചത് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ ടി.ഡി കബീർ എന്ന യുവ നേതാവിന്‍റെ പേരാണ്. ഈ പേര് പ്രഖ്യാപിച്ചതോടെ ഇടത് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം വൈകിപ്പിക്കുകയും രഹസ്യ നീക്കത്തിലൂടെ കോൺഗ്രസ് നേതാവിനെ മറുകണ്ടം ചാടിച്ച് സ്വതന്ത്രനായി മത്സരിപ്പിക്കുകയും ചെയ്തു. ഇതിന് ചുക്കാൻ പിടിച്ചത് ആകട്ടെ ലീഗിലും സി.പി.എമ്മിലും ഒരുപോലെ സ്വാധീനമുള്ള ഒരു വ്യക്തിയാണ്.
ലീഗ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയിൽ എതിർപ്പ് ഉണ്ടെന്ന് പറഞ്ഞാണ് ലീഗ് – സി.പി.എം ബന്ധമുള്ള വ്യക്തി കോൺഗ്രസ് നേതാവിനെ കോൺഗ്രസ്സിൽ നിന്നും രാജി വെപ്പിച്ച് ഇടത് സ്വതന്ത്രനായി രംഗത്തിറക്കിയത്.
ഇത് എൽ.ഡി.എഫിന് ഗുണം ചെയ്യും എന്നാണ് ഇടത് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ ഇടത് കേന്ദ്രങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിലും ഇത് വലിയ വിള്ളലുണ്ടാക്കി.
ചെങ്കള ഡിവിഷൻ പിടിച്ചെടുകാണമെന്ന വാശിയിൽ സി.പി.എം നേതാവ് കൂടിയായ ടി.എം.എ കരീമിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു പാർട്ടി നേതൃത്വം നേരത്തെ നിശ്ചയിച്ചിരുന്നത്. ഈ തീരുമാനം പാർട്ടി പ്രവർത്തകരിൽ വലിയ ആവേശം ഉണ്ടാക്കിയിരുന്നു. നാമനിർദേശ പത്രക നൽകിയാൽ ഉടൻ പ്രചാരണം കൊഴുപ്പിക്കാനായിരുന്നു ഇടത് പ്രവർത്തകർ തീരുമാനിച്ചിരുന്നത്.

ഈ തീരുമാനങ്ങളെ കാറ്റിൽ പറത്തിയാണ് അവസാന ഘട്ടം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പാർട്ടി പിന്തുണ നൽകുന്നത്. കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് സ്വാതന്ത്രനായി മത്സരിക്കുന്ന വ്യക്തിക്കാണ് പാർട്ടി പിന്തുണ എന്നറിഞ്ഞ പ്രവർത്തകർ നിരാശരായി. ഇത് സി.പി.എം നേതാക്കളിൽ ചർച്ചയാവുകയും പ്രവർത്തകർക്കിടയിൽ ഒരു ഉത്തരം മുട്ടിയ ചോദ്യമായി മാറുകയും ചെയ്തു.
പാർട്ടിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന സജീവ പ്രവർത്തകരെ കബളിപ്പിച്ചു. എല്ലാം പാർട്ടിയാണെന്ന് കരുതി പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച നേതാവിനെ ഒഴിവാക്കി. പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന വാക്കാണ് ഇവിടെ പറയാൻ അനുയോജ്യം. ഇടത് കേന്ദ്രങ്ങളിലെ വിയോജിപ്പ് യു.ഡി.എഫിന് ഗുണം ചെയ്യും എന്നാണ് ഇപ്പോൾ വലത് കേന്ദ്രങ്ങൾ വിശ്വസിക്കുന്നത്. മുൻ കോൺഗ്രസ്സുകാരനായ ഷാനവാസ് പാദൂരാണ് ഇടത് സ്വാതന്ത്രൻ. ഫലം എന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
