Categories
business Kerala news

പ്രവാസികള്‍ വന്ന് ആഹാരം കഴിക്കുന്നതാണോ ധൂര്‍ത്ത്; ആവശ്യമില്ലാത്ത പ്രചാരണങ്ങളിലൂടെ പ്രവാസികളുടെ മനസ് വിഷമിപ്പിക്കരുത്, ലോക കേരള സഭ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണത്തിന് യൂസഫലിയുടെ മറുപടി ഇങ്ങനെ

പ്രവാസികളുടെ പ്രശ്നം കേള്‍ക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് ഉള്ള അംഗീകാരമാണ്

തിരുവനന്തപുരം: ലോക കേരള സഭ ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വ്യവസായി എം.എ യൂസഫലി. പ്രവാസികള്‍ വന്ന് ആഹാരം കഴിക്കുന്നത് ധൂര്‍ത്താണോയെന്ന് എം.എ യൂസഫലി ചോദിക്കുന്നു. ആവശ്യമില്ലാത്ത പ്രചാരണങ്ങളിലൂടെ പ്രവാസികളുടെ മനസ് വിഷമിപ്പിക്കരുത്. എല്ലാം നെഗറ്റീവ് ആയി കാണുന്ന ചിലരുണ്ട്. കഴിഞ്ഞ ലോക കേരള സഭയെക്കുറിച്ചും ഇപ്പോഴും ആവശ്യമില്ലാത്ത പ്രചാരണം നടക്കുന്നുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു.

‘പ്രവാസികളുടെ പ്രശ്നം കേള്‍ക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് ഉള്ള അംഗീകാരമാണ്. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും എന്ന വ്യത്യാസം പാടില്ല. ഇപ്പോഴത്തെ ഭരണപക്ഷം ഭാവിയില്‍ പ്രതിപക്ഷത്ത് വരുമ്പോൾ ഇത്തരം ബഹിഷ്‌കരിണം ഒഴിവാക്കണം. പ്രവാസികള്‍ വന്ന് ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് എന്ന് പറഞ്ഞതില്‍ വിഷമം ഉണ്ട്.’ യൂസഫലി വിശദീകരിച്ചു. ലോക കേരള സഭയില്‍ പ്രസംഗിക്കവെയായിരുന്നു യൂസഫലിയുടെ പ്രതികരണം.

സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്‌ ലോക കേരള സഭ ബഹിഷ്‌കരിക്കാനാണ് യു.ഡി.എഫ് തീരുമാനം.

നിയമസഭാ മന്ദിരത്തിലാണ് ലോക കേരളസഭാ സമ്മേളനം നടക്കുന്നത്. 351 അംഗങ്ങളാണ് സഭയിലുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസ മേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളുമുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest