Categories
health Kerala local news

ഭിന്നശേഷിക്കാർക്ക് വിശാല കുട വിരിച്ച് ഡിഫെറെന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ്; ജില്ലാ സമ്മേളനം മെയ് 10ന് കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ

കാസർകോട്: ഡിഫെറെന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് ജില്ലാ സമ്മേളനം മെയ് 10ന് ശനിയാഴ്ച കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പോഷക-അനുബന്ധ സംഘടനയാണ് ഡിഫെറെന്റ്ലി ഏബ്ലിഡ് പീപ്പിൾസ് ലീഗ് (DAPL). എല്ലാതരം ഭിന്നശേഷി മനുഷ്യ സമൂഹത്തിൻ്റെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്തുത സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയാണ് ജില്ലാ സമ്മേളനം. രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സമ്മേളനം. മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ നേതാക്കൾ, ഡി.എ.പി.എൽ സംസ്ഥാന, ജില്ലാ നേതാക്കൾ, ജനപ്രതിനിധികൾ ജില്ലാ സമ്മേളനത്തിന് നേതൃത്വം നൽകും. ആർ പി ഡബ്ലിയു ഡി നിയമത്തെ കുറിച്ച് അക്കര ഫൗണ്ടേഷൻ സി ഇ ഒ മുഹമ്മദ്‌ യാസർ വാഫി ക്ലാസ്സെടുക്കും. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അമർഷാൻ തലശ്ശേരി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 9 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് സ്വാഗതസംഘം ജനറൽ കൺവീനറും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ എ അബ്ദുറഹിമാൻ സമ്മേളന നഗരിയിൽ പതാക ഉയർത്തും. 10 മണിക്ക് സ്വാഗതസംഘം ചെയർമാൻ കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷററും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി സമ്മേളനം ഉൽഘാടനം ചെയ്യും. ഭിന്നശേഷിക്കാരുടെ കലാ പരിപാടികളും കേരള മാപ്പിള കലാ അക്കാദമിയുടെ ഗാന വിരുന്നും ഉണ്ടായിരിക്കും. സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളുടെ അപേക്ഷ പ്രധാനമായും നിരാമയ ഇൻഷുറൻസ് അപേക്ഷ, യു ഡി ഐ ഡി കാർഡ് അപേക്ഷ തയ്യാറാക്കുന്നതിന് സമ്മേളനത്തിൽ പ്രത്യേക കൗണ്ടർ സ്ഥാപിക്കുമെന്നും ഡി എ പി എൽ മെമ്പർഷിപ്പ് കരസ്ഥമാക്കാനുള്ള അവസരവും ജില്ലാ സമ്മേളനത്തിൽ ഉണ്ടാവുമെന്നും നേതാക്കൾ അറിയിച്ചു.

യു ഡി ഐ ഡി അപേക്ഷ, നിരാമയ ഇൻഷുറൻസ് രജിസ്‌ട്രേഷന്, മെഡിക്കൽ സർട്ടിഫിക്കറ്റ് ഇതുവരെ ചെയ്യാത്തവർ, യാത്രാ പാസ്സ് ഇല്ലാത്തവർ കൊണ്ടുവരേണ്ട ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്. ഓരോ അപേക്ഷക്കും ഓരോ ഫോട്ടോ കോപ്പി വീതം എടുത്ത് കൊണ്ട് വരേണ്ടവ ചുവടെ ചേർക്കുന്നു. ആധാർ കാർഡ് ഫോട്ടോ കോപ്പി 1, മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോട്ടോ കോപ്പി 1, റേഷൻ കാർഡ് ഫോട്ടോ കോപ്പി 1, യു ഡി ഐ ഡി കാർഡ് ഫോട്ടോ കോപ്പി 1, പാസ്പോർട്ട്‌ സൈസ് ഫോട്ടോ 1, ബാങ്ക് പാസ്ബുക്ക് ഫോട്ടോ കോപ്പി 1. ഇതുവരെ രജിസ്‌ട്രേഷൻ ചെയ്യാത്തവർ എല്ലാവരും ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. പൂക്കോയ തങ്ങൾ ഹോസ്പീസ് സംസ്ഥാന സമിതി അംഗവും ഡി എ പി എൽ ജില്ലാ സമ്മേളന സ്വാഗത സംഘം ട്രഷററുമായ പി എം മുനീർ ഹാജി കമ്പാർ, സ്വാഗത സംഘം ജോയിൻ കൺവീനർ വി പി ഖാദർ, ഡി എ പി എൽ സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ, ജില്ലാ ജനറൽ സെക്രട്ടറി ബേവി മുഹമ്മദ്‌ കുഞ്ഞി, ട്രഷറർ ഹനീഫ മൗലവി കുമ്പള, കാസർകോട് മണ്ഡലം നിരീക്ഷകൻ നാസർ ചെർക്കളം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest