സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയും, പി.രാഘവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; തൊഴിലാളി പ്രശ്‌നങ്ങളിൽ മുൻനിരയിലുണ്ടായ നേതാവ്

You are currently viewing സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയും, പി.രാഘവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; തൊഴിലാളി പ്രശ്‌നങ്ങളിൽ മുൻനിരയിലുണ്ടായ നേതാവ്

കാസർകോട്‌: അന്തരിച്ച ഉദുമ മുൻ എം.എൽ.എയും സിപിഐ (എം)ൻ്റെ മുതിർന്ന നേതാവുമായ പി.രാഘവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലയിരുന്നു. 81 വയസ്സായിരുന്നു. ചെവ്വാഴ്‌ച പുലർച്ചെ 1.30 ഓടെ മുന്നാട്ടെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ മുന്നാട് പീപ്പിൾസ് കോളേജിൽ പൊതു ദർശനത്തിന് വെച്ചു. അവസാനമായി ഒരുനോക്ക് കാണാൻ നാടിൻ്റെ നാനാഭാഗത്ത് നിന്നും ആയിരകണക്കിന് ആളുകൾ എത്തി.

1945 ഒക്ടോബർ 15ന് മുന്നാട് ജനിച്ച അദ്ദേഹം വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന പി.ആർ അവിഭക്ത കണ്ണൂർ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1964ൽ പാർട്ടി അംഗമായി. അന്നുമുതൽ ബേഡകത്തെയും കാസർകോട്ടെയും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി.

സി.പി.എം കാസർകോട് ഏരിയാ സെക്രട്ടറിയായിരിക്കെ 1984 കാസർകോട് ജില്ല നിലവിൽ വന്നപ്പോൾ ജില്ലാ കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റിലേക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തു. ദീർഘകാലം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു.

ട്രേഡ് യൂണിയൻ രംഗത്ത് ക്രിയാത്മകമായ ഇടപെടൽ ആയിരുന്നു അദ്ദേഹം നടത്തിയത്. അസംഘടിത മേഖലകളിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം മുമ്പന്തിയിൽ ആയിരുന്നു. 1989 മുതൽ 2012 വരെ സി.ഐ.ടി.യു കാസർകോട് ജില്ലാ സെക്രട്ടറി ആയിരുന്നു.

1991 മുതൽ 2001 വരെ തുടർച്ചയായി പത്ത് വർഷം ഉദുമ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എ ആയി. ജില്ലയിൽ നിരവധി സഹകരണ സ്ഥാപനങ്ങൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് രൂപീകൃതമായത്.

സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും എൽ.ഡി.എഫ് ജില്ലാ കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്. എട്ടുവർഷം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ആയ അദ്ദേഹം സി.ഐ.ടി.യു ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന സെക്രട്ടറിയും ആയിരുന്നു. ദിനേശ് ബീഡി ഡയറക്ടറായിരുന്ന രാഘവൻ നിരവധി സഹകരണ സംരംഭങ്ങൾക്ക്‌ കാസർകോട്‌ ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. സഹകാരി പ്രതിഭകൾക്കായി തലശേരി സഹകരണ റൂറൽ ബാങ്ക്‌ ഏർപ്പെടുത്തിയ രണ്ടാമത്‌ ഇ.നാരായണൻ സ്‌മാരക പുരസ്‌കാരം നേടിയിരുന്നു. ഭാര്യ കമലയാണ്. അജിത്ത് കുമാർ, അരുൺ രാഘവൻ മക്കളാണ്. ദീപ, അനു മരുമക്കളും.

പി.രാഘവൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സി.ഐ.ടി.യു നേതാവെന്ന നിലയിൽ ജില്ലയിലെ തൊഴിലാളി പ്രശ്‌നങ്ങളിൽ മുൻനിരയിലുണ്ടായ സഖാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ അനുശോചിച്ചു. അവിഭക്ത കണ്ണൂർ ജില്ലയിലും പിന്നീട്‌ കാസർകോട്‌ ജില്ലയിലും വർഗ-ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക്‌ നിസ്‌തൂലമാണ്‌. വിദ്യാർഥി -യുവജന സംഘടനാ പ്രവർത്തനത്തന കാലം തൊട്ട്‌ അടുത്ത ബന്ധം പുലർത്തിയ സഖാവിൻ്റെ വിയോഗത്തിലൂടെ പ്രിയ സഹപ്രവർത്തകനെയും സുഹൃത്തിനെയുമാണ്‌ നഷ്‌ടമായത്‌. മികച്ച സഹകാരി, ട്രേഡ്‌ യൂണിയൻ സംഘാടകൻ തുടങ്ങിയ നിലകളിലെല്ലാം തിളങ്ങി. സഖാവിൻ്റെ കുടുംബത്തിൻ്റെയും പാർടി പ്രവർത്തകരുടെയും ദു.ഖത്തിൽ പങ്ക്‌ ചേരുന്നതായി ഇ.പി ജയരാജൻ പറഞ്ഞു.

0Shares