എൻ്റെ മക്കള്‍ എന്തിയേ, വല്ലതും പറ്റിയോ, ആശുപത്രി എത്താറായോ; ജീവന് വേണ്ടി മല്ലിടുമ്പോഴും തിരക്കിയത് മക്കളെ, അപകടത്തില്‍ മരിച്ച ദമ്പതികള്‍, കണ്ണീരണിഞ്ഞ് നാട്, ഒന്നുമറിയാതെ പിഞ്ചോമനകളും

  • Post category:Kerala / news / obitury
  • Reading time:2 mins read
You are currently viewing എൻ്റെ മക്കള്‍ എന്തിയേ, വല്ലതും പറ്റിയോ, ആശുപത്രി എത്താറായോ; ജീവന് വേണ്ടി മല്ലിടുമ്പോഴും തിരക്കിയത് മക്കളെ, അപകടത്തില്‍ മരിച്ച ദമ്പതികള്‍, കണ്ണീരണിഞ്ഞ് നാട്, ഒന്നുമറിയാതെ പിഞ്ചോമനകളും

വെച്ചൂര്‍ / കോട്ടയം: എൻ്റെ മക്കള്‍ എന്തിയേ, വല്ലതും പറ്റിയോ, ആശുപത്രി എത്താറായോ, ഞങ്ങള്‍ക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ. സുരേഷിൻ്റെയും വിഷ്ണുവിൻ്റെയും കാതുകളില്‍ ഇപ്പോഴും ഈ ശബ്ദം മുഴങ്ങുന്നു. കൈപ്പുഴമുട്ടില്‍ അപകടത്തില്‍പ്പെട്ട ജിഫിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് കോട്ടയം ക്യു.ആര്‍.എസ്സിലെ ജനറേറ്റര്‍ ടെക്‌നീഷ്യന്മാരായ പരിപ്പ് സ്വദേശി സുരേഷ് വി.സോമനും, ഒളശ്ശ സ്വദേശി വിഷ്ണുഷാജിയുമാണ്. ദമ്പതിമാരുടെ വേദന നിറഞ്ഞ വാക്കുകള്‍ ഇവര്‍ക്ക് മറക്കാനാകുന്നില്ല.

ബുധനാഴ്‌ച ജോലികഴിഞ്ഞ് വൈക്കത്തു നിന്നും തിരിച്ചുവരും വഴി ആള്‍ക്കൂട്ടം കണ്ടാണ് വാഹനം നിര്‍ത്തിയത്. ആ സമയം രണ്ട് കുട്ടികളെയും കരയ്ക്ക് എടുത്തിരുന്നു. ബോധരഹിതരായ ജിഫിനെയും സുനിയെയും തോട്ടില്‍ നിന്നും നാട്ടുകാര്‍ കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല സര്‍വീസ് വാനിലെ സാധനങ്ങള്‍ ഒതുക്കിവച്ച്‌ അപകടത്തില്‍പ്പെട്ടവരെ വാനില്‍ കയറ്റി. ഇരുപത് മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചു.

വൈകീട്ട് 5.30 -ന് സര്‍വീസ് വാന്‍ ഓഫീസിൽ എത്തിക്കണമെന്ന കാര്യം തന്നെ മറന്നു. രാത്രി 7.45 -ഓടെ ഓഫീസിലെത്തുമ്പോള്‍ വാഹനം നിറയെ രക്തമായിരുന്നു. വാന്‍ കഴുകി വൃത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്.

“ഇന്ന് ജോലിക്ക് എത്തി വാഹനമെടുത്തപ്പോള്‍ വാനിൻ്റെ ഉള്ളില്‍ അവരുള്ളതുപോലെ തോന്നല്‍. ആകെ സങ്കടത്തിലായ ദിവസം. എത്ര ശ്രമിച്ചിട്ടും അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലല്ലോ എന്ന ദുഃഖം മാത്രം. രാവിലെ അവിടെ പോകണം എന്ന് കരുതിയെങ്കിലും മനസ്സ് അനുവദിച്ചില്ല. അവരുടെ ചേതനയറ്റ ശരീരം കാണാന്‍.”- സുരേഷും വിഷ്ണുവും പറയുന്നു.

കൈപ്പുഴമുട്ട് സെന്റ് ആൻ്റെണീസ് പള്ളിക്ക് സമീപം ബുധനാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെഫിനും ഭാര്യ സുനിയും മരിക്കുന്നത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നരവയസ്സുള്ള മകന്‍ ആല്‍ഫിനും ഒന്നരവയസ്സുള്ള മകള്‍ അല്‍ഫിയയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ആല്‍ഫിന് കാലിന് പരിക്കുണ്ട്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹം മഞ്ചാടിക്കരി സെന്റ് മൈക്കിള്‍ സി.എസ്.ഐ. പള്ളിക്ക് സമീപം എത്തിച്ചത്.

അതിനു മുമ്പുതന്നെ മറുകരയിലുള്ള ജെഫിൻ്റെ വീട്ടിലേക്ക് മൃതദേഹം എത്തിക്കാനായി വലിയ വള്ളവും കൈപ്പുഴയാറിന് കുറുകെ കയറും കെട്ടിയിരുന്നു. ആംബുലന്‍സുകളില്‍ നിന്നും ഇരുവരുടെയും മൃതദേഹങ്ങള്‍ വള്ളത്തിലേക്ക് കയറ്റി. മൃതദേഹങ്ങള്‍ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ അച്ഛന്‍ നെബുവിൻ്റെയും അമ്മ പൊന്നമ്മയുടെ സഹോദരി സ്റ്റെഫിയുടെയും സഹോദരന്‍ സ്റ്റെഫിൻ്റെയും ബന്ധുക്കളുടെയും ദുഃഖം അടക്കാനായില്ല. ഇവരെ സമാധാനിപ്പിക്കാന്‍ നാട്ടുകാരായ മറ്റുള്ളവര്‍ക്കായില്ല.

മഞ്ചാടിക്കരി സെന്റ് മൈക്കിള്‍ സി.എസ്.ഐ. പള്ളിക്ക് സമീപമുള്ള ഹാളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവെച്ചു. വൈകീട്ടോടെ മൃതദേഹങ്ങള്‍ തോട്ടകം വാക്കേത്തറ ബഥേല്‍ ഹോസ്ബെല്‍ അസംബ്ലി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

വീട്ടിലെ ആഘോഷത്തിലേക്കുള്ള യാത്രയിലാണ് ജെഫിൻ്റെയും സുനിയുടെയും മരണം. ജെഫിൻ്റെ അനുജന്‍ സ്റ്റെഫിൻ്റെ കല്യാണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ആളുകള്‍ വ്യാഴാഴ്‌ച രാവിലെ എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായി വീട്ടില്‍ പന്തലിടാനുള്ള തിരക്കിലായിരുന്നു ജെഫിന്‍. പന്തല്‍ സാമഗ്രികള്‍ വീട്ടിലെത്തിക്കാന്‍ സുഹൃത്തുക്കളോട് ജെഫിന്‍ പറഞ്ഞിരുന്നു. അതനുസരിച്ച്‌ സാമഗ്രികള്‍ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തിച്ചു. അതിനിടയിലാണ് സുനിയെയും മക്കളെയും വിളിക്കാനായി ജെഫിന്‍ മല്ലപ്പള്ളിയിലേക്ക് പോയത്. അവിടെനിന്ന് തിരികെ വീട്ടിലേക്ക് വരുമ്ബോഴായിരുന്നു അപകടം.

മാതാപിതാക്കളുടെ സ്നേഹകരുതല്‍ മൂന്നരവയസ്സുകാരന്‍ ആല്‍ഫിനും ഒന്നരവയസ്സുകാരി അല്‍ഫിയയ്ക്കും ഇനിയില്ല. മാതാപിതാക്കളെ അവസാനമായി ഒരു നോക്കുകാണാന്‍ കാലിന് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആല്‍ഫിനായില്ല. അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട അല്‍ഫിയ തൻ്റെ മാതാപിതാക്കള്‍ക്ക് എന്ത് സംഭവിച്ചെന്ന് അറിയാതെ സുനിയുടെ അമ്മയായ വത്സമ്മയ്ക്കും ഇളയമ്മ റെജീനയ്ക്കൊപ്പമുണ്ട്.

0Shares