കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍; നാമനിര്‍ദേശ പത്രിക വാങ്ങി ദിഗ്‌വിജയ് സിങ്‌, പോര് കനക്കുമെന്ന് സൂചന

  • Post category:national / news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍; നാമനിര്‍ദേശ പത്രിക വാങ്ങി ദിഗ്‌വിജയ് സിങ്‌, പോര് കനക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരവെ പോര് കനക്കുമെന്ന സൂചന നല്‍കി ദിഗ്‌വിജയ് സിങ്ങും അശോക് ഗെഹ്‌ലോട്ടും. സിങ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ബലപ്പെടുത്തി അദ്ദേഹം എ.ഐ.സി.സി ആസ്ഥാനത്ത് എത്തി നാമനിര്‍ദേശ പത്രിക വാങ്ങി. പത്ത് സെറ്റ് പത്രികയാണ് സിങ് വാങ്ങിയത്. അവസാന തിയതിയായ വെള്ളിയാഴ്‌ച പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. ഹൈക്കമാന്റിൻ്റെ പ്രതിനിധി ആണോ എന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നു എന്നായിരുന്നു ദിഗ്‌വിജയ് സിങ്ങിൻ്റെ മറുപടി. രാഹുലും സോണിയയും തൻ്റെ നേതാക്കളാണെന്നും സിങ് പ്രതികരിച്ചു.

മത്സരിക്കുന്ന കാര്യം താന്‍ ആരോടും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഹൈക്കമാന്‍ഡില്‍ നിന്ന് അനുമതി തേടിയിട്ടില്ലെന്നും ആയിരുന്നു ദിഗ്‌വിജയ് സിങ് ബുധനാഴ്‌ച ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. ഇതിനിടെ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നീക്കം ശക്തമാക്കി അശോക് ഗെഹ്‌ലോട്ട്‌ ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുകയാണ്.

ഇത് രണ്ടാം തവണയാണ് വിഷയത്തില്‍ ഗെഹ്‌ലോട്ട്‌- സോണിയ ​കൂടിക്കാഴ്‌ച. രാജസ്ഥാനിലെ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിന് നല്‍കിയാല്‍ ഗെഹ്‌ലോട്ട്‌ അധ്യക്ഷ സ്ഥാനാര്‍ഥി ആയേക്കും. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സോണിയാ ഗാന്ധിക്ക് കടുത്ത അതൃപ്തി നിലനില്‍ക്കെ ആണ് വീണ്ടും കൂടിക്കാഴ്‌ച.

ഇതിനിടെ, എ.കെ ആൻ്റെണിയുമായും സോണിയാ ​ഗാന്ധി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിയിട്ടുണ്ട്. അതേസമയം, ഔദ്യോഗിക സ്ഥാനാര്‍ഥി ആരാണെന്ന് ഇതുവരെയും തീരുമാനമായില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുക ആണെന്നുമാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിൻ്റെ പ്രതികരണം.

മത്സരാര്‍ഥികള്‍ ആരെല്ലാമെന്ന് വെള്ളിയാഴ്‌ച അറിയാം. ആൻ്റെണിയുമായി നടന്നത് സൗഹാര്‍ദപരമായ കൂടിക്കാഴ്‌ചയാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. ഇതിനിടെ, ‌മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശരി തരൂര്‍ എം.പിയുടെ പ്രതിനിധി എ.ഐ.സി.സി ആസ്ഥാനത്ത് എത്തി വോട്ടര്‍ പട്ടിക പരിശോധിച്ചു.

0Shares