Categories
Kerala news

എസ്.എഫ്.ഐ നേതൃത്വത്തെ എ.കെ.ജി സെൻ്റെറിലേക്ക് സി.പി.എം വിളിച്ചുവരുത്തി; അക്രമ സംഭവത്തില്‍ തെറ്റുകാര്‍ക്കെതിരേ നടപടി ഉണ്ടാകും

കൃത്യമായ നിര്‍ദേശമോ അനുവാദമോ ഇല്ലാതെ നടത്തിയ മാര്‍ച്ചായിരുന്നു.

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ. നേതൃത്വത്തെ എ.കെ.ജി സെൻ്റെറിലേക്ക് സി.പി.എം വിളിച്ചുവരുത്തി. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട്‌ വി.പി.സാനു, സംസ്ഥാന പ്രസിഡണ്ട്‌ കെ.അനുശ്രീ എന്നിവരെയാണ് സി.പി.എം. നേതൃത്വം വിളിച്ചുവരുത്തിയത്. വയനാട്ടിലെ സംഭവത്തില്‍ എസ്.എഫ്.ഐ.യില്‍ നിന്ന് വിശദീകരണം തേടാന്‍ സി.പി.എം. കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളെയും ശനിയാഴ്ച രാവിലെ എ.കെ.ജി. സെൻ്റെറിലേക്ക് വിളിച്ചുവരുത്തിയത്.

അതേസമയം, വയനാട്ടിലെ അക്രമ സംഭവത്തില്‍ തെറ്റുകാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട്‌ വി.പി സാനു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെയല്ല എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐ ഇടപെടും. എന്നാല്‍ അക്കാര്യത്തില്‍ എം.പിയുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയതില്‍ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ നിര്‍ദേശമോ അനുവാദമോ ഇല്ലാതെ നടത്തിയ മാര്‍ച്ചായിരുന്നു. അതിൻ്റെ ഭാഗമായി അനിഷ്ട സംഭവങ്ങളും ഉണ്ടായി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. അതിനെ ഇന്നലെ തന്നെ എസ്.എഫ്.ഐ. ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. എന്താണ് അവിടെ സംഭവിച്ചതെന്ന് പരിശോധിച്ച്‌ തെറ്റുകാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും വി.പി സാനു കൂട്ടിച്ചേര്‍ത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest