ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും ടീ ഷര്‍ട്ട് മാത്രം; കാരണം തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി

You are currently viewing ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും ടീ ഷര്‍ട്ട് മാത്രം; കാരണം തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര മാത്രമല്ല അദ്ദേഹത്തിൻ്റെ വസ്ത്രധാരണം പോലും സജീവ ചര്‍ച്ചയാവുകയാണിപ്പോള്‍. ഉത്തരേന്ത്യയിലെ കൊടും തണുപ്പില്‍ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഭാരത് ജോഡൊ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഒരു വെളുത്ത ടി-ഷര്‍ട്ട് മാത്രം ധരിച്ച് രാഹുല്‍ എങ്ങനെ തണുപ്പിനെ പ്രതിരോധിക്കുന്നു, എന്തുകൊണ്ട് ഇത്തരം ഒരു ടീഷര്‍ട്ട് ഉപയോഗിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴായി ഉയരുകയും ചെയ്തിരുന്നു.

ഒടുവില്‍ ഈ സംശയങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. അംബാലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ആ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ചത്. ‘എന്തുകൊണ്ടാണ് ഞാൻ ടീ ഷർട്ട് ധരിക്കുന്നത്, എനിക്ക് തണുപ്പ് അനുഭവപ്പെടുന്നില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. അതിനുള്ള കാരണം ഞാൻ പറയാം. ജോഡോ യാത്ര ആരംഭിച്ചത് കേരളത്തിലാണ്…അവിടെ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരുന്നു.

എന്നാൽ മധ്യപ്രദേശിലേക്കു കടന്നപ്പോൾ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഒരു ദിവസം കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്റെ അരികിൽ വന്നു. ഞാൻ അവരെ ചേർത്തു പിടിച്ചപ്പോൾ അവർ തണുത്തു വിറയ്ക്കുകയായിരുന്നു. കാരണം അവർക്ക് തണുപ്പകറ്റാൻ നല്ല വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. അന്ന് ഞാൻ ഒരു തീരുമാനമെടുത്തു. തണുത്തു വിറയ്ക്കുന്ന അവസ്ഥയെത്തും വരെ ഞാൻ ടീ ഷർട്ട് മാത്രമേ ധരിക്കൂ’– ഹരിയാനയിലെ അംബാലയിൽ നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

ആ പെൺകുട്ടികൾക്ക് ഒരു സന്ദേശം നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘തണുത്തു വിറയ്ക്കുമ്പോൾ മാത്രമേ കമ്പിളിയെക്കുറിച്ച് ഞാൻ ചിന്തിക്കൂ. എനിക്ക് ആ മൂന്നു പെൺകുട്ടികളോട് പറയാനുള്ളത് നിങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുമ്പോൾ രാഹുൽ ഗാന്ധിക്കും അത് അനുഭവപ്പെടും.’– രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലേക്ക് കടന്നപ്പോഴും രാഹുൽ ഗാന്ധി ഈ ചോദ്യം അഭിമുഖീകരിച്ചിരുന്നു. അന്ന് എന്നെയല്ല മറിച്ച് കീറിയ വസ്ത്രങ്ങളുമായി യാത്രയുടെ ഭാഗമായ രാജ്യത്തെ പാവപ്പെട്ട കർഷകരെയും തൊഴിലാളികളെയുമാണ് നിങ്ങൾ കാണേണ്ടതെന്നാണ് രാഹുൽ പറഞ്ഞത്.

എന്നാല്‍ രാഹുല്‍ ഗാന്ധി ടി-ഷര്‍ട്ടിനുള്ളില്‍ ചൂട് പകരുന്ന തെർമല്‍ ബനിയന്‍ ധരിച്ചിരുന്നതായി മുന്‍ ഡല്‍ഹി എംഎല്‍എയും ബി.ജെ.പി നേതാവുമായ മജീന്ദര്‍ സിങ്ങ് സിര്‍സ ആരോപിച്ചിരുന്നു. രാഹുലിന്‍റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തായിരുന്നു ആരോപണം.

0Shares