
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ബിനോയിയും പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിയും ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരി പ്രതികരിച്ചിട്ടില്ല. ക്രിമിനല്‍ കേസായതിനാല്‍ മറ്റ് വശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് കോടതി അറിയിച്ചു. ബിനോയ് വിവാഹ വാഗ്ദ്ധാനം നല്‍കി പീഡിപ്പിച്ചന്ന് ആരോപിച്ച് ബീഹാറുകാരിയായ യുവതി 2019 ജൂണ്‍ 13നാണ് ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. ബന്ധത്തില്‍ തനിക്ക് ഒരു കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

വ്യാജ പരാതിയാണെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നേരത്തെ ബിനോയ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്തിയിരുന്നു. ഈ ഫലം കഴിഞ്ഞ രണ്ട് വര്‍ഷമായി സീല്‍ ചെയ്ത കവറില്‍ ബോംബെ ഹൈക്കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കുട്ടി വളരുകയാണെന്ന വസ്തുതകള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. എന്നാല്‍, ഇത് ക്രിമിനല്‍ക്കേസാണെന്നും ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍ ഭോര്‍ക്കര്‍ എന്നിവര്‍ വ്യക്തമാക്കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്. ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. ഇതെല്ലാം കോടിയേരി ബാലകൃഷ്ണനും കുടുംബവും നേരത്തെ നിഷേധിച്ചിരുന്നതാണ്.

കേസ് ഒത്തുതീര്‍പ്പാക്കാനുള്ള വാദത്തിനിടെ ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ചോദിച്ചപ്പോള്‍, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതി മുമ്പാകെ വ്യക്തമാക്കി. ഇത് കേസിനെ ബാധിക്കുകയും ചെയ്തു.
വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ചശേഷം കേസ് തീര്‍പ്പാക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വ്യക്തമാക്കി. കേസ് ഒത്തു തീര്‍പ്പാക്കാന്‍ കോടതി നിലപാട് നിര്‍ണ്ണായകമാകും.
