
കാസറഗോഡ്: സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലക് ഐ.എ.എസ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ ബീച്ച് പാർക്കും റാണിപുരവും സന്ദർശിച്ചു. ടൂറിസവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. റാണിപുരത്ത് നടപ്പാക്കുന്ന ട്രക്കിംഗ് ആക്ടിവിറ്റികളെക്കുറിച്ച് ചീഫ് സെക്രട്ടറി പ്രത്യേകം പരിശോധന നടത്തി. റാണിപുരത്തെ വന വിഭവങ്ങളുടെ ഷോപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ റിസോർട്ടും സന്ദർശിച്ചു.

ബേക്കൽ ബീച്ച് പാർക്കിൽ കടലാക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐ.എ.എസ് ചീഫ് സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. തുടർന്ന് ബേക്കൽ താജ് ഗേറ്റ് വേ റിസോർട്ടിൽ നടന്ന ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ്റെ 103-ആം ബോർഡ് യോഗത്തിലും പങ്കെടുത്തു. യോഗത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ബി.ആർ.ഡി.സി. എം.ഡി. പി. ഷിജിൻ എന്നിവർ പങ്കെടുത്തു.
