Categories
national news trending

പി.എഫ് ഉയര്‍ന്ന പെന്‍ഷന്‍; പഴയ ജോയിണ്ട് ഓപ്ഷൻ്റെ തെളിവ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം; മറുപടി എം.പി ബ്രിട്ടാസിൻ്റെ ചോദ്യത്തിന്

ചോദ്യത്തിന് ഒരു മറുപടി പോലും നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് കേന്ദ്രം

ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി ഇ.പി.എഫ്‌.ഒ സജ്ജീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ 1952ലെ ഇ.പി.എഫ് സ്കീമിൻ്റെ പാരഗ്രാഫ് 26(6) പ്രകാരമുള്ള പഴയ ജോയിണ്ട് ഓപ്ഷൻ്റെ തെളിവ് അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ നിര്‍ബന്ധിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2014 സെപ്റ്റംബര്‍ മാസത്തിന് മുമ്പ് മുതല്‍ ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി തൊഴിലുടമയുടെ വിഹിതം ഇ.പി.എഫില്‍ അടച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്നും അതിലേക്കു പുതിയ ജോയിണ്ട് ഓപ്ഷന്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ് 2022 നവംബര്‍ മാസം നാലാം തീയതി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കുന്നതില്‍ അസാധാരണമായ കാലതാമസമാണ് എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരുത്തിയത്. ഇ.പി.എഫ് പെന്‍ഷന്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച്‌ 22.12.2022 ല്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് സുപ്രീം കോടതി ഉത്തരവിന് നിയമപരവും സാമ്പത്തികവും പ്രായോഗികവും വിന്യാസപരവുമായ അനന്തര ഫലങ്ങള്‍ ഉണ്ടെന്നായിരുന്നു അന്ന് തന്നെ കേന്ദ്രം മറുപടി നല്‍കിയത്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം പുതിയ ജോയിണ്ട് ഓപ്ഷന്‍ നല്‍കാനുള്ള കാലപരിധി 03.03.2023 ന് അവസാനിക്കാനിരിക്കെ 20.02.2023ന് മാത്രമാണ് ഇത് സംബന്ധിച്ച്‌ ഇ.പി.എഫ്‌.ഒ ഒരു സര്‍ക്കുലര്‍ ഇറക്കുന്നതും തുടര്‍ന്ന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജീകരിക്കുന്നതും. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ജോയിണ്ട് ഓപ്ഷന്‍ നല്‍കുന്നതിനുള്ള കാലാവധി മെയ് മാസം മൂന്ന് വരെ ദീര്‍ഘിപ്പിക്കുവാനും ഇ.പി.എഫ്.ഒ നിര്‍ബന്ധിതമായിരുന്നു.

എന്നാല്‍ ഏതു വിധേനയും ഉയര്‍ന്ന പെന്‍ഷന്‍ നല്‍കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ തികച്ചും ബുദ്ധിമുട്ടേറിയതും പാലിക്കാനാവാത്തതുമായ വ്യവസ്ഥകളാണ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇ.പി.എഫ്‌.ഒ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പെന്‍ഷന്‍കാര്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം പുതിയ ജോയിണ്ട് ഓപ്ഷന്‍ ഫയല്‍ ചെയ്യുന്നതോടൊപ്പം ഇവര്‍ സര്‍വ്വീസ് ആരംഭിച്ച കാലത്ത് തൊഴിലുടമ യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന തൊഴിലുടമ വിഹിതം അടച്ചു തുടങ്ങിയപ്പോഴുള്ള ജോയിണ്ട് ഓപ്ഷൻ്റെ തെളിവ് കൂടി ഫയല്‍ ചെയ്യണം എന്ന തികച്ചും അപ്രായോഗികമായ വ്യവസ്ഥ കൂടി പോര്‍ട്ടലില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

എന്നാല്‍ ആ കാലഘട്ടത്തില്‍ ഒരു സ്ഥാപനവും എന്തെങ്കിലും ജോയിണ്ട് ഓപ്ഷന്‍ നല്‍കുകയോ ഇ.പി.എഫ്‌.ഒ അപ്രകാരം ഒരു ജോയിണ്ട് ഓപ്ഷന്‍ സ്വീകരിക്കുകയോ ചെയ്യാതെയാണ് തൊഴിലുടമകളില്‍ നിന്നും ഉയര്‍ന്ന വിഹിതം സ്വീകരിച്ചുകൊണ്ടിരുന്നത് എന്നത് ഇ.പി.എഫ്‌.ഒ തന്നെ വിവരാവകാശ നിയമ പ്രകാരമുള്ള മറുപടികളില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നത് കണക്കൽ എടുക്കുമ്പോഴാണ് ഇതിനു പിന്നിലെ ഒളിച്ചുകളി മറനീക്കി പുറത്തു വരുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കുന്നത് സംബന്ധിച്ച്‌ നിരവധി കത്തുകള്‍ എം.പി കേന്ദ്ര തൊഴില്‍ മന്ത്രിക്ക് നല്‍കുകയും ചെയ്തിരുന്നു.

സുപ്രീംകോടതി വിധിയില്‍ പരാമര്‍ശിക്കാത്ത ഇത്തരം വ്യവസ്ഥകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും പിന്‍വലിക്കുമോയെന്നും പെന്‍ഷന്‍കാര്‍ക്ക് നേരിട്ട് ജോയിണ്ട് ഓപ്ഷന്‍ ഇ.പി.എഫ്‌.ഒ ഓഫീസുകളില്‍ സമര്‍പ്പിക്കുവാന്‍ അവസരം ഒരുക്കുമോ എന്നുമായിരുന്നു ജോണ്‍ ബ്രിട്ടാസ് എം.പി 06.04.2023ല്‍ രാജ്യസഭയില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് ഉന്നയിച്ച ചോദ്യം. ഇതിനു മറുപടിയായാണ് ഇപ്പോള്‍ സജ്ജീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ 1952ലെ ഇ.പി.എഫ് സ്കീമിൻ്റെ പാരഗ്രാഫ് 26(6)പ്രകാരമുള്ള പഴയ ജോയിണ്ട് ഓപ്ഷൻ്റെ തെളിവ് അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ നിര്‍ബന്ധിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

1952ലെ ഇ.പി.എഫ് സ്കീമിൻ്റെ പാരഗ്രാഫ് 26(6)പ്രകാരമുള്ള ജോയിണ്ട് ഓപ്ഷന്‍ എന്നതിനെ മറുപടിയില്‍ പരമാവധി ന്യായീകരിക്കുവാന്‍ ശ്രമിച്ച ശേഷമാണ് എന്തു തന്നെയായാലും ആയതിൻ്റെ അഭാവം പുതിയ ജോയിണ്ട് ഓപ്ഷന്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും അപേക്ഷകരെ നിയന്ത്രിക്കില്ല എന്ന ഒരു വിശദീകരണം നല്‍കാന്‍ കേന്ദ്രം തയാറായത്. എന്നാല്‍ ഇപ്പോഴും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പഴയ ജോയിണ്ട് ഓപ്ഷൻ്റെ തെളിവ് അപ്ലോഡ് ചെയ്യണമെന്ന കോളം ഒഴിവാക്കിയിട്ടില്ലെന്നത് ഇതില്‍ കേന്ദ്ര സര്‍ക്കാരിൻ്റെയും ഇ.പി.എഫ്‌.ഒയുടേയും ഉദ്ദേശ്യശുദ്ധിയെ കുറിച്ച്‌ ആശങ്കയുയര്‍ത്തുന്നുണ്ടന്ന് എം.പി കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ പോര്‍ട്ടലിലെ മറ്റു ബുദ്ധിമുട്ടേറിയ വ്യവസ്ഥകളും ഒഴിവാക്കുമോയെന്ന ചോദ്യത്തിന് അവയെല്ലാം വളരെ എളുപ്പവും ലളിതവുമായ വ്യവസ്ഥകളാണെന്ന വിശദീകരണമാണ് കേന്ദ്രം എം.പിക്ക് മറുപടിയില്‍ നല്‍കിയത്. എന്നാല്‍ വൃദ്ധരും സാങ്കേതിക തികവില്ലാത്തവരുമായ പെന്‍ഷന്‍കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന നിരവധി മറ്റു വ്യവസ്ഥകളുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി. ഇ.പി.എഫ് പെന്‍ഷന്‍കാരുടെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യല്‍, ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ തുടങ്ങി സുപ്രീം കോടതി പരാമര്‍ശിക്കാത്ത നിരവധി രേഖകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ എന്തെങ്കിലും തെറ്റുകള്‍ വരികയാണെങ്കില്‍ ഉയര്‍ന്ന പെന്‍ഷനുള്ള അവസരം ഇല്ലാതാവുകയാണ് ചെയ്യുന്നത്.

ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ തെറ്റ് പറ്റിയാല്‍ തിരുത്താന്‍ പോലും അനുമതി നല്‍കാത്തത് മൂലം പിശകുകള്‍ സംഭവിച്ചവര്‍ക്ക് നിലവില്‍ ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ പറ്റിയ പിശകുകള്‍ തിരുത്താന്‍ ഓണ്‍ലൈനില്‍ അവസരം നല്‍കണമെന്ന് നിരവധി പെന്‍ഷന്‍കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനോടും അനുകൂല നിലപാടല്ല ഇ.പി.എഫ്‌.ഒ ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും എം.പി ചൂണ്ടിക്കാട്ടി. ഇപ്രകാരം പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ വന്നിട്ടുള്ള പിശകുകള്‍ തിരുത്താനുള്ള അവസരം നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.

കൂടാതെ ഓണ്‍ലൈന്‍ മുഖേനയല്ലാതെ നേരിട്ട് ജോയിണ്ട് ഓപ്ഷന്‍ ഫയല്‍ ചെയ്യാന്‍ സൗകര്യമൊരുക്കുമോ എന്ന ചോദ്യത്തിന് ഒരു മറുപടി പോലും നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് കേന്ദ്രം ചെയ്തത്- എം.പി ചൂണ്ടിക്കാട്ടി.ഇത് സംബന്ധിച്ച്‌ കേന്ദ്രവും ഇ.പി.എഫ്‌.ഒ യും നടത്തിവരുന്ന ഒളിച്ചുകളി നിര്‍ത്തണമെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരം യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി തൊഴിലുടമ വിഹിതം അടച്ച സ്ഥാപനങ്ങളിലെ എല്ലാ പെന്‍ഷന്‍കാര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ ഉറപ്പു വരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest