Categories
Kerala news

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അം​ഗീകാരം; ഓർഡിനൻസ് ഇറക്കാന്‍ തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം

തിരുവനന്തപുരം: തദ്ദേശവാര്‍ഡ് വിഭജനത്തിന് ഉടൻ ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡ് വീതമാണ് കൂടുക. 1200 വാര്‍ഡുകളാണ് അധികം വരിക. തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും. ജനസംഖ്യാ അനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ട്.

2011ലെ സെൻസസ് അനുസരിച്ച് വാര്‍ഡുകൾ പുന:ക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം വരും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

തദ്ദേശ വാർഡ് വിഭജനത്തിന് ഓർഡിനൻസിനായി മാത്രമാണ് തിങ്കളാഴ്‌ച മന്ത്രിസഭായോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക കമ്മിഷൻ രൂപീകരിക്കുക. സര്‍ക്കാര്‍ നിയോഗിക്കുന്ന നാല് പേർ സമിതിയിൽ അംഗങ്ങളാകും. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലായി നിലവിൽ 15,962 വാർഡുകളാണുള്ളത്. പുനർവിഭജനത്തിലൂടെ 941 വാർഡുകളാണ് കൂടുക. 87 മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴികെയുള്ളവയിൽ 3078 വാർഡും 6 കോർപറേഷനുകളിൽ 414 വാർഡുമുണ്ട്. ഇവയിലും ഓരോ വാർഡ് കൂടും. മട്ടന്നൂരിലെ വാർഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡും 14 ജില്ലാ പഞ്ചായത്തുകളിൽ 331 ഡിവിഷനുകളും ആണുള്ളത്.

വാർഡ് വിഭജനം പൂർത്തിയാകുന്നതോടെ അടുത്തവർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ വർധിക്കും. അതേസമയം കൂടിയാലോചന ഇല്ലാത്ത തീരുമാനമാണ് ഇതെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest