എന്‍.കെ പ്രേമചന്ദ്രന് വേണ്ടി വലയെറിഞ്ഞ് ബി.ജെ.പി, കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പ്, ജയിച്ചശേഷം വേലിചാടാന്‍ ആലോചന

You are currently viewing എന്‍.കെ പ്രേമചന്ദ്രന് വേണ്ടി വലയെറിഞ്ഞ് ബി.ജെ.പി, കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പ്, ജയിച്ചശേഷം വേലിചാടാന്‍ ആലോചന

കൊച്ചി: കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ റാഞ്ചി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി പ്രധാനമന്ത്രി ക്ഷണിച്ച വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രനുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായാണ് അഭ്യൂഹം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി ആര്‍.എസ്.പിക്ക് ഒപ്പമോ ഒറ്റയ്‌ക്കോ എന്‍.ഡി.എയിലേക്ക് വരുന്നതില്‍ സംസ്ഥാന ബി.ജെ.പിക്ക് എതിര്‍പ്പില്ല. ജയിച്ചാല്‍ കേന്ദ്രമന്ത്രി ആക്കാമെന്ന പതിവ് വാഗ്‌ദാനവും അദ്ദേഹത്തിന് ലഭിച്ചതായാണ് വിവരം.

മണിപ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തിൻ്റെ പലഭാഗത്തും ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ സംഘപരിവാറിൻ്റെ നേതൃത്വത്തില്‍ വംശീയഹത്യ നടക്കുമ്ബോഴും പ്രധാനമന്ത്രി ക്ഷണിച്ച അപൂര്‍വം എം.പിമാരിലൊരാളായി പ്രേമചന്ദ്രന്‍ വിരുന്നിന് എത്തിയത് ബി.ജെ.പിക്ക് പ്രതീക്ഷ ഉണ്ടാക്കുന്നതാണ്. നേരത്തെ എല്‍.ഡി..എഫിലായിരുന്ന ആര്‍എസ്.പി നിലവില്‍ യു.ഡി.എഫിനൊപ്പമാണ് സംസ്ഥാനത്ത് നിന്ന് മത്സരിക്കുന്നത്.

പ്രധാനമന്ത്രിക്ക് ഒപ്പമുള്ള വിരുന്നിനെ പ്രേമചന്ദ്രന്‍ പുകഴ്ത്തുക കൂടി ചെയ്‌തിരുന്നു. അപ്രതീക്ഷിതമായ ക്ഷണമാണ് ലഭിച്ചതെന്നും ജീവിതത്തിലെ വലിയ അനുഭവമാണ് ഇതെന്നുമാണ് പ്രേമചന്ദ്രന്‍ പ്രതികരിച്ചത്.

സന്തോഷകരമായ അനുഭവമായിരുന്നു പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായ നിമിഷങ്ങളെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ലമെണ്ട് കാന്റീനില്‍ നടന്ന വിരുന്നില്‍ ഇന്ത്യ മുന്നണിയില്‍ നിന്നും പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചതെന്നതും ശ്രദ്ധേയമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത്തരമൊരു വിരുന്ന് ഒരുക്കുന്നത് കൃത്യമായ രാഷ്ട്രീയത്തോടെയാണ് എന്ന് അറിയാതെയല്ല പ്രേമചന്ദ്രന്‍ വിരുന്നിനെത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് കക്ഷികള്‍ക്ക് ക്ഷീണമുണ്ടാക്കുന്നതാണ് എം.പിയുടെ നടപടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്.പിയെ അതൃപ്‌തി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് വിട്ട് എന്‍.ഡി.എയില്‍ ചേരുകയാണെങ്കില്‍ പ്രേമചന്ദ്രന് കൊല്ലത്ത് ജയിക്കുക എളുപ്പമല്ല. എന്നാല്‍, യു.ഡി.എഫിനൊപ്പം നില്‍ക്കുകയാണെങ്കില്‍ ജയസാധ്യതയേറും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് ശേഷം എന്‍.ഡി.എ മുന്നണി മാറുകയാകും ആര്‍.എസ്.പിയുടെ ലക്ഷ്യം. എന്‍.ഡി.എ അധികാരത്തിൽ എത്തുകയും ആര്‍.എസ്.പി മുന്നണി മാറുകയും ചെയ്‌താല്‍ പ്രേമചന്ദ്രന് കേന്ദ്രമന്ത്രിയാകാം.

0Shares