
കണ്ണൂർ: പിണറായിയെ നേരിൽക്കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ബർലിൻ കുഞ്ഞനന്തൻ നായർ വിടവാങ്ങിയത്. ഇക്കാര്യം പലതവണ പരസ്യമായി പ്രകടിപ്പിച്ചെങ്കിലും ഇരുവർക്കും തമ്മിൽ കാണാനായില്ല. ബർലിൻ കുഞ്ഞനന്തൻ നായർ രോഗബാധിതനായി വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കാണാൻ പിണറായി വിജയൻ വന്നിരുന്നില്ല. സി.പി.എം ഗ്രൂപ്പ് വഴക്ക് മൂർച്ഛിച്ചിരുന്ന കാലത്ത് വി.എസിനൊപ്പം നിലകൊണ്ട ആളായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ. എന്നാൽ അന്ന് വി.എസിനൊപ്പം നിൽക്കുകയും പരസ്യനിലപാട് സ്വീകരിക്കുകയും ചെയ്തതിൽ പിണറായിയോട് മാപ്പ് ചോദിക്കണമെന്ന ആഗ്രഹം ബർലിൻ കുഞ്ഞനന്തൻ നായർ പല തവണ പ്രകടിപ്പിച്ചിരുന്നു.
ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിലും അതിന്‍റെ രണ്ടാം ഭാഗത്തിലും പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുന്ന നിരവധി പരാമർശങ്ങളും ആരോപണങ്ങളും ഉണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ആശയതലത്തിൽ വഴിതെറ്റിപ്പോയെന്നും തന്‍റെ നിലപാട് വിഭാഗീയ പരമായിരുന്നുവെന്നും ബർലിൻ കുഞ്ഞനന്തൻ നായർക്ക് തോന്നിയിരുന്നു അതുകൊണ്ടുതന്നെ പിണറായിയോട് മാപ്പ് പറയാനും കാലുപിടിക്കാൻ തയ്യാറാണെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞത്.

2021 ജനുവരി 13നാണ് പിണറായിയെ കാണണമെന്നും മാപ്പു പറയണമെന്നും ബർലിൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. ഇ.എം.എസിനെക്കാൾ കരുത്തുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ബർലിൻ അവസാന കാലത്ത് വിലയിരുത്തിയിരുന്നു. ബർലിൻ പാർട്ടിയിലേക്ക് തിരിച്ചെത്തിയതോടെ പിണറായി ഒഴികെയുള്ള നേതാക്കൾ സന്ദർശിച്ചിരുന്നു.
പാർട്ടി പ്രവർത്തകർക്ക് ആശയപരവും സംഘടനാപരവും വ്യക്തിപരവും ഉണ്ടായേക്കാവുന്ന തെറ്റുകൾ സ്വയം വിമർശനമായി ഉൾക്കൊള്ളാൻ സന്നദ്ധനാവുക എന്നതാണ് പ്രധാനം. ഇടതുപാർട്ടി പ്രവർത്തകരുടെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിൽ വീഴ്‌ച്ചകൾ സംഭവിക്കുന്നത് സ്വാഭാവികം മാത്രം. അത്തരം തെറ്റുകൾ തിരുത്തി പാർട്ടിക്ക് കരുത്തുപകരാൻ ജീവിതാന്ത്യത്തിലും പോരാട്ട വഴികളിൽ കൂടെ നിന്ന ബർലിൻ കുഞ്ഞനന്തൻ നായരുടെ വിയോഗത്തിലൂടെ ഒരു കമ്യൂണിസ്റ്റുകാരനെ കൂടി നഷ്‌ടമായിരിക്കുന്നു.
പന്ത്രണ്ടാം വയസിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ നായനാർക്ക് ഒപ്പമാണ് അദ്ദേഹം സംഘടനാ രംഗത്ത് വന്നത്. ഇ.എം.എസിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും എ.കെ.ജിയുടെ ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്‌തു.1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായി . പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം ചേർന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. 1965 മുതൽ 82 വരെ ‘ബ്ലിറ്റ്‌സിൻ്റെ’ യൂറോപ്യൻ ലേഖകൻ. സി.ഐ.എയെക്കുറിച്ച് ‘ഡെവിൾ ഇൻ ഹിസ് ഡാർട്ട്’ എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്‌തകം രചിച്ചു. 2005ൽ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയെങ്കിലും 2015ൽ തിരിച്ചെടുത്തു.

പാർട്ടി പ്രാദേശിക ഘടകം കുഞ്ഞനന്തൻ നായർക്ക് വേണ്ട സഹായങ്ങളും ചെയ്തിരുന്നു. കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് നടന്നപ്പോൾ ആദ്യ സംഭാവന സ്വീകരിക്കാൻ പാർട്ടി കണ്ടെത്തിയ ആളും കുഞ്ഞനന്തൻ നായരായിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹം പോലെ പാർട്ടി പതാക പുതച്ചാണ് അന്ത്യയാത്ര. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് പാർട്ടി പതാക പുതപ്പിച്ചത്. നാറാത്ത് പിഎച്ച്സിക്ക് സമീപം പൊതുദർശനത്തിനുള്ള സൗകര്യവും സി.പി.എം ഒരുക്കി. ചൊവ്വാഴ്‌ച രാവിലെ 10 മുതൽ 12 വരെയാണു പൊതുദർശനത്തിന് സൗകര്യം ഒരുക്കിയത്.
ആദ്യകാല കമ്മ്യൂണിസ്റ്റ് അനുഭാവിയും പത്രപ്രവര്‍ത്തകനും ആയിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് അന്തരിച്ചത്. 97 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെതുടര്‍ന്ന് ഏറെനാളുകളായി ചികിത്സയിലായിരുന്നു. കണ്ണൂര്‍ നാറാണത്തെ വീട്ടിലായിരുന്നു അന്ത്യം.
ബെർലിൻ കുഞ്ഞനന്തൻ നായർ കഴിഞ്ഞവർഷം മനസ് തുറന്ന വാർത്ത കാണാം:
