Trending News





വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ‘ബൈജൂസ്’ വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. 2022 ഒക്ടോബറില്‍ 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുമായിരുന്നു ബൈജൂസ്. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. കമ്പനിക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്നതിനായി വരുമാനം പെരുപ്പിച്ചു കാണിച്ചതാണ് തിരിച്ചടിയായത്.
Also Read
ഓഹരി മൂലധനം സമാഹരിക്കാൻ കഴിയാതെയായതോടെ, വിദേശങ്ങളില്‍ നിന്ന് വായ്‌പയെടുത്തു എന്നാല്‍, പ്രതിസന്ധി കനത്തതോടെ തിരിച്ചടവ് മുടങ്ങി. കമ്പനിയെ തിരികെപ്പിടിക്കുന്നതിന് ദുബായില്‍ നിന്ന് 100 കോടി ഡോളര്‍ (8,200 കോടി രൂപ) സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി ബൈജു രവീന്ദ്രൻ നേരിട്ടു ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ അവിടെ നിന്ന് മടങ്ങേണ്ടി വന്നു.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ വൻകിട കെട്ടിട സമുച്ചയങ്ങളില്‍ നിന്ന് ഓഫീസ് സ്പേസ് ഒഴിഞ്ഞു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് നടപടി. 5.58 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കല്യാണി ടെക് പാര്‍ക്കിലെ ഓഫീസ് സ്പേസാണ് ഒഴിഞ്ഞിരിക്കുന്നത്. അവിടെ ജോലി ചെയ്‌തിരുന്ന ജീവനക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറുകയോ വീട്ടിലിരുന്ന് ജോലി ചെയ്യുകയോ ചെയ്യാനാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബെംഗളൂരുവില്‍ തന്നെ പ്രസ്റ്റീജ് ടെക് പാര്‍ക്കിലെ രണ്ടുനിലകളും ഒഴിഞ്ഞു. ഒമ്പത് നിലകളിലായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ മറ്റൊരു കെട്ടിടം കൂടി ഒഴിയുമെന്നാണ് സൂചന. ഇതുവഴി വാടകച്ചെലവ് വൻതോതില്‍ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരെ വൻതോതില്‍ പിരിച്ചുവിടുന്നതും ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ്. കഴിഞ്ഞമാസം മാത്രം 1,000 ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്.
കണ്ണൂര്‍ അഴീക്കോട്ട് അധ്യാപക ദമ്പതിമാരുടെ മകനായി 1980ല്‍ ജനിച്ച ബൈജു രവീന്ദ്രൻ ബി.ടെക് ബിരുദധാരിയാണ്. പിന്നീട് ഐ.ഐ.എമ്മില്‍ ജോയില്‍ ചെയ്യാന്‍ ക്യാറ്റ് പരീക്ഷ എഴുതുകയും ഉയര്‍ന്ന റാങ്കില്‍ വിജയിക്കുകയും ചെയ്‌തു. എന്നാല്‍, അവിടെ പ്രവേശിക്കാതെ സുഹൃത്തുക്കള്‍ക്ക് ക്യാറ്റിന് ക്ലാസ് എടുത്തു നല്‍കി വിജയിപ്പിച്ചു. അവിടെ നിന്നാണ് അദ്ദേഹത്തിന്‍റെ തുടക്കം. 2011ലാണ് ‘ബൈജൂസ്’ എന്ന സംരംഭം ആരംഭിക്കുന്നത്. ദിവ്യ ഗോകുല്‍ നാഥാണ് സഹസ്ഥാപക.
2020ല്‍ കൊവിഡിന്‍റെ തുടക്കത്തില്‍ ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന് പ്രാധാന്യമേറിയതോടെയാണ് ബൈജൂസിന്‍റെ മൂല്യം കുതിച്ചുയര്‍ന്നത്. ഇതോടെ, കമ്പനിയിലേക്ക് വൻതോതില്‍ നിക്ഷേപം ഒഴുകിയെത്തി. ഇതിന്‍റെ പിൻബലത്തില്‍ കമ്പനി വൻതോതില്‍ ഏറ്റെടുക്കലുകളും നടത്തി. ഇതാണ് ആദ്യം തിരിച്ചടിയായത്. കൊവിഡ് അടച്ചുപൂട്ടലുകള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നതോടെ, ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന് പ്രാധാന്യം കുറയുകയും ബൈജൂസിന്‍റെ വരുമാനം ഇടിയുകയും ചെയ്‌തു.
ഇതിനിടെ, ഉയര്‍ന്ന മൂല്യത്തില്‍ മൂലധനം സ്വരൂപിക്കുന്നതിനായി വരുമാനം പെരുപ്പിച്ചു കാട്ടിയത് തിരിച്ചടിയായി. വിദേശ പണമിടപാടുകളുടെ പേരില്‍ എൻഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റിന്‍റെ റെയ്‌ഡുകള്‍ കൂടിയായതോടെ പ്രതിസന്ധി ഇരട്ടിയായി. ഇതോടെ, കമ്പനിയിലെ ഓഹരി ഉടമകളുടെ പ്രതിനിധികള്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇതെല്ലാം കമ്പനിയുടെ ഇന്നത്തെ സ്ഥിതിക്ക് കാരണമായി. ഇപ്പോള്‍ ചെലവുകള്‍ ചുരുക്കി കമ്പനിയെ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ബൈജു രവീന്ദ്രന്‍ എന്ന സാധാരണക്കാരനായ സംരംഭകൻ.

Sorry, there was a YouTube error.