
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അയ്യപ്പഭജനമന്ദിരം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഭക്ത ജനങ്ങളുടെ പ്രതിഷേധ കൂട്ടായ്മയൊരുക്കി. അയ്യപ്പഭജന മന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കും അയ്യപ്പൻവിളക്ക് ഉത്സവത്തിനും വിഘാതം വരുത്താൻ വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസിൻ്റെ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പലിൻ്റെ ബോധപൂർവമായ ശ്രമങ്ങൾക്കെതിരെയാണ് ഭക്തർ സമാധാനപരമായി പ്രതിഷേധിച്ചത്. മഠത്തിൻ്റെ പ്രവർത്തനം സ്തംഭിപ്പിക്കാനുള്ള പ്രിൻസിപ്പൽ ശ്രമങ്ങൾ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് കൂട്ടായ്മ മുന്നറിയിപ്പ് നൽകി. സംരക്ഷണ സമിതി ചെയർമാൻ പി.നാരായണൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് അംഗം കെ.കൃഷ്ണൻ മാസ്റ്റർ ഭജമനന്ദിരം പ്രസിഡന്റ് പി.പി.കുഞ്ഞികൃഷ്ണൻ നായർ, നെഹ്റു സർഗവേദി പ്രസിഡന്റ് എ.വി.രാജേഷ്, കെ.ഗോപി എന്നിവർ സംസാരിച്ചു. ഭജനമന്ദിരം സെക്രട്ടറി വി.വി.രമേശൻ സ്വാഗതവും സി.പി.കുഞ്ഞി നാരായണൻ നായർ നന്ദിയും പറഞ്ഞു. സമിതി ഭാരവാഹികൾ സ്‌കൂൾ ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ്, സ്‌കൂൾ വികസന സമിതി ചെയർമാൻ എന്നിവരെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ച് നിവേദനവും നൽകിയിരുന്നു. കാഞ്ഞങ്ങാട് എം.എൽ.എ, ഇ.ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ എന്നിവർക്കും നിവേദനം നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.
