ആകാശം മുട്ടുന്ന അശോക സ്തംഭം; പിന്നാലെ വിവാദം, സത്യപ്രതിജ്ഞ പാലിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തയ്യാറാകണമെന്ന് സി.പി.എം പൊളിറ്റ്‌ ബ്യൂറോ

You are currently viewing ആകാശം മുട്ടുന്ന അശോക സ്തംഭം; പിന്നാലെ വിവാദം, സത്യപ്രതിജ്ഞ  പാലിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തയ്യാറാകണമെന്ന് സി.പി.എം പൊളിറ്റ്‌ ബ്യൂറോ

ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ ആകാശം മുട്ടുന്ന അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ഇതുവരെ നിര്‍മ്മിക്കപ്പെട്ടതിൽ വച്ച്‌ ഏറ്റവും വലിയ അശോക സ്തംഭമാണ് ഇത്.

പൂര്‍ണ്ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ച, 4.34 മീറ്റര്‍ വീതിയും 6.5 മീറ്റര്‍ ഉയരവുമുള്ള അശോക സ്തംഭത്തിന് 9,500 കിലോയാണ് ഭാരം. ഏകദേശം ഒമ്പത് മാസം സമയമെടുത്താണ് അശോക സ്തംഭം നിര്‍മിച്ചത്. എന്നാല്‍, അനാച്ഛാദനത്തിന് പിന്നാലെ ലോക്‌സഭാ സ്‌പീക്കര്‍ നോക്കി നില്‍ക്കെ പ്രധാനമന്ത്രി അശോക സ്തംഭം അനാച്ഛാദനം ചെയ്തത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

ഭരണഘടനാ അധികാര വിഭജനത്തെ മോദി അട്ടിമറിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ വിമര്‍ശിച്ചു.

സി.പി.ഐ(എം) പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവന

പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാഛാദനം ചെയ്‌തത്‌ ഭരണഘടനാ വിരുദ്ധമാണ്. ജനാധിപത്യത്തിൻ്റെ മൂന്ന്‌ വിഭാഗങ്ങളായ എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയ രഹിതമായി വേർതിരിച്ചിട്ടുണ്ട്‌. രാഷ്ട്രപതിയാണ്‌ പാർലമെന്‍റ് വിളിച്ചുചേർക്കുന്നത്‌.

എക്‌സിക്യൂട്ടീവിൻ്റെ തലവനാണ്‌ പ്രധാനമന്ത്രി. നിയമങ്ങൾ നിർമ്മിക്കുക, എക്‌സിക്യൂട്ടീവിനെ പരിശോധനാ വിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന്‌ പ്രവർത്തിക്കാൻ അതിൻ്റെതായ സ്വതന്ത്ര രീതിയുണ്ട്‌.

ഈ മൂന്ന്‌ വിഭാഗങ്ങൾക്ക്‌ ഭരണഘടന വേർതിരിച്ചു നൽകിയ അധികാരങ്ങളെ ഇകഴ്‌ത്തുകയാണ്‌ എക്‌സിക്യൂട്ടീവിൻ്റെ തലവനായ പ്രധാനമന്ത്രി ചെയ്‌തത്‌. മാത്രമല്ല ചടങ്ങിൽ പ്രധാനമന്ത്രി പൂജ നടത്തുകയും ചെയ്‌തു. എല്ലാ ഇന്ത്യാക്കാർക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നൽകിയിട്ടുണ്ട്‌. ഇത്‌ ഒഴിവാക്കാനാവാത്ത അവകാശമാണ്‌.

അതേ സമയം ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന്‌ ഭരണഘടന അസനിഗ്‌ധമായി വ്യക്തമാക്കിയിട്ടുണ്ട്‌. ഭരണഘടനയെ സംരക്ഷിക്കുമെന്നും ഉയർത്തി പിടിക്കുമെന്നും അധികാര ഏൽക്കുമ്പോൾ എടുത്ത സത്യപ്രതിജ്ഞ കർക്കശമായി പാലിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തയ്യാറാകണം.

0Shares