
കൊച്ചി: സി.പി.എം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ അറസ്റ്റിലായ കെ.എം ഷാജഹാന് ജാമ്യം. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. ധൃതി പിടിച്ച് അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി ചോദ്യം ചെയ്തു. 25000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയശേഷം തെളിവുകള്‍ നശിപ്പിക്കരുതെന്നും സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഷാജഹാനെതിരെ കേസെടുത്ത് മൂന്നു മണിക്കൂറിൽ അറസ്റ്റുണ്ടായെന്നും അറസ്റ്റ് ചെയ്യാൻ ചെങ്ങമനാട് സി.ഐയ്ക്ക് ആരാണ് അധികാരം നൽകിയെന്നും കോടതി ചോദിച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് കോടതിയെ അറിയിച്ചു. അപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഉത്തരവ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. കേസ് എടുത്തശേഷം മൂന്നു മണിക്കൂർ കൊണ്ട് എങ്ങനെ തിരുവനന്തപുരത്ത് എത്തി അറസ്റ്റ് ചെയ്തുവെന്നും കോടതി ചോദിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ലൈംഗികചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്നും കോടതി ചോദിച്ചു.
കേസിന് ആസ്പദമായ വീഡിയോയിൽ കെ.ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. വീഡിയോയിൽ അശ്ലീലമായ ഉള്ളടക്കം ഉണ്ടോയെന്നും ആരാഞ്ഞ കോടതി പോലീസിൻ്റെ കസ്റ്റഡി ആവശ്യം നിരസിച്ചു. സി.പി.എം നേതാവ് കെ.ജെ ഷൈനും വൈപ്പിൻ എം.എൽ.എയ്ക്കുമെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിപക്ഷം എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമ കെ.എം ഷാജഹാനെ വീഡിയോ ചെയ്തതിൻ്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഷൈൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. എന്നാൽ പിണറായി സർക്കാരിനെ നിരന്തരം വിമർശിക്കുന്നതിലുള്ള വിരോധമാണ് അറസ്റ്റിന് പിന്നിലെന്ന് ജാമ്യം നേടി പുറത്തിറങ്ങിയ കെ.എം ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
