Categories
കാസർകോട് ജില്ലയില്‍ കരുത്താര്‍ജ്ജിച്ച് മൃഗസംരക്ഷണ മേഖല; റീബില്‍ഡ് കേരള ഇനിഷ്യയേറ്റീവിലൂടെ നടപ്പാക്കിയത് 1.21 കോടി രൂപയുടെ പദ്ധതികള്‍
പ്രളയകാലത്തും കോവിഡ് മഹാമാരിയിലും വരുമാനവും ജീവിതവും പ്രതീക്ഷകളും നഷ്ടപ്പെട്ട ധാരാളം ആളുകള്‍ക്ക് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് വലിയ സഹായമായി മാറി.
Trending News





കോവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ നെക്രാജെയിലെ അമ്മങ്കാലിലെ ഹമീദ് നാട്ടില്‍ ജോലിയൊന്നും കിട്ടാതെ വന്നപ്പോഴാണ് കന്നുകാലികളെ വളര്‍ത്തല്‍ പരീക്ഷിച്ചു തുടങ്ങിയത്. അഞ്ച് ആടുകളെ വാങ്ങി ആദ്യം തന്‍റെ ഭാഗ്യം പരീക്ഷിച്ചു. ലാഭകരമായതോടെ പശു വളര്‍ത്തലിലോട്ടു കടന്നാലോ എന്നായി ചിന്ത. അപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രവാസി സംഘങ്ങള്‍ക്കായി നടപ്പിലാക്കുന്ന മിനി ഡയറി യൂണിറ്റ് പദ്ധതിയെ കുറിച്ച് അറിഞ്ഞത്. അഞ്ച് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കാവുന്ന പദ്ധതിയിലേക്ക് ഗള്‍ഫില്‍ നിന്ന് തന്‍റെ കൂടെ മടങ്ങിയ മറ്റു അഞ്ചു പേരെ കൂട്ടുപിടിച്ച് കാരുണ്യ പ്രവാസി സംഘം രൂപീകരിക്കുകയാണ് ഹമീദ് ആദ്യം ചെയ്തത്.
Also Read

പഞ്ചായത്തില്‍ നിന്നും മൃഗാശുപത്രിയില്‍ നിന്നും പ്രോത്സാഹനം കൂടി ലഭിച്ചതോടെ സംഘം ജില്ലയില്‍ പദ്ധതിക്കായി തെരെഞ്ഞെടുക്കപ്പെട്ട രണ്ടു സംഘങ്ങളില്‍ ഒന്നായി. ആദ്യ പടിയെന്നോണം അമ്മങ്കാലിലെ സ്വന്തവും പാട്ടത്തിനെടുത്തതുമായ സ്ഥലത്ത് പുല്‍ക്കൃഷി ആരംഭിച്ചു. രണ്ട് ഏക്കര്‍ സ്ഥലത്ത് സൂപ്പര്‍ നേപ്പിയര്‍, സമ്പൂര്‍ണ എന്നീ ഇനം പുല്ലുകള്‍ പാകമായി വന്നപ്പോളേക്കും പദ്ധതിയുടെ ഭാഗമായി എടുത്ത ലോണ്‍ കൊണ്ട് നല്ലൊരു ഷെഡ്ഡും ഉണ്ടാക്കിയെടുത്തു.
മുന്തിയ ഇനം എച്ച് എഫ് പശുക്കളെ വളര്‍ത്താനായി അവയുടെ പരിപാലനത്തിന് ആവശ്യമായ ചാഫ് കട്ടര്‍, കറവ യന്ത്രം, ഫ്ലോര്‍ മാറ്റ്, പ്രഷര്‍ വാഷര്‍ എന്നിവയും ഒരുക്കി. ജൈവ മാലിന്യങ്ങള്‍ പുല്‍ക്കൃഷിയിടത്തേക്ക് ഒഴുകി പോകുന്നതിനായി ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഷെഡ് സ്ഥാപിച്ചത്. ഇത് കൂടാതെ ബയോ ഗ്യാസ് സൗകര്യവും ഒരുക്കി. കന്നുകാലികളുടെ മരണവും രോഗവും മൂലമുള്ള നഷ്ടം ഒഴിവാക്കുന്നതിനായി എല്ലാ ഉരുക്കളെയും ഇന്‍ഷുര്‍ ചെയ്തു. 12 ലക്ഷം രൂപ ചെലവായപ്പോള്‍ അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിച്ചു.
ശരാശരി ഒരു പശുവിനു 15 ലിറ്റര്‍ തോതില്‍ 150 ലിറ്റര്‍ കറവ ദിവസേനയുള്ള ഫാമില്‍ പാലിന് പുറമെ ചാണകം, മൂത്രം എന്നിവയില്‍ നിന്നും വരുമാനം ഹമീദിനും സംഘത്തിനും ലഭിക്കുന്നു. ഹമീദിനെപ്പോലെ പ്രളയകാലത്തും കോവിഡ് മഹാമാരിയിലും വരുമാനവും ജീവിതവും പ്രതീക്ഷകളും നഷ്ടപ്പെട്ട ധാരാളം ആളുകള്‍ക്ക് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് വലിയ സഹായമായി മാറി.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഭക്ഷ്യവിളകളുടെ കൃഷി ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഇറച്ചിക്കോഴി, മുട്ടക്കോഴി പാല്‍, ആട്, പോത്ത്, പന്നി, മത്സ്യം എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചു. അനുയോജ്യമായ ഗ്രാമപഞ്ചായത്തുകളില്‍/ നഗരസഭകളില്‍ ഡയറി യൂണിറ്റുകള്‍, ക്രോസ്ബ്രീഡിങ് പശു യൂണിറ്റുകള്‍ എന്നിവ സ്ഥാപിച്ചു. കൃഷി, മൃഗസംരക്ഷണ മേഖല അനാകര്‍ഷകവും പഴയ തലമുറയുടെ ഗൃഹാതുരത്വവും മാത്രമെന്ന് വിലയിരുത്തിയവര്‍ പോലും ഈ കാലത്ത് ഗൗരവമായി ഈ മേഖലകളെ പരിഗണിച്ച് തുടങ്ങി. മൃഗസംരക്ഷണ രംഗത്തേക്ക് വരുന്നവര്‍ക്കായി മൃഗസംരക്ഷണ വകുപ്പ് അനുയോജ്യമായ വിവിധ പദ്ധതികള്‍ തയ്യാറാക്കുകയും ഈ രംഗത്തുള്ളവര്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും നല്‍കുകയും ചെയ്യുന്നു. ഇതോടൊപ്പംതന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ വിവരങ്ങള്‍ ‘കര്‍ഷക രജിസ്ട്രേഷന്‍’ വഴി ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
റീബില്‍ഡ് കേരള ഇനിഷ്യയേറ്റീവ്
മൃഗസംരക്ഷണ മേഖലയില്‍ ലൈവ്ലിഹുഡ് സപ്പോര്‍ട്ട് പാക്കേജിന്റെ ഭാഗമായി 100 ഗുണഭോക്താക്കള്‍ക്ക് കീടാരി വളര്‍ത്തല്‍ പദ്ധതിയിലേക്ക് 15 ലക്ഷം രൂപയും 200 ഗുണഭോക്താക്കള്‍ക്ക് വൃത്തിയുള്ള കാലിത്തൊഴുത്ത് നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയും 100 ഗുണഭോക്താക്കള്‍ക്ക് പുല്‍കൃഷി വികസനത്തിന് 30 ലക്ഷം രൂപയും 50 ഗുണഭോക്താക്കള്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിയിലേക്ക് 12.5 ലക്ഷം രൂപയും 500 ഗുണഭോക്താക്കള്‍ക്ക് താറാവ് വളര്‍ത്തല്‍ പദ്ധതിയിലേക്ക് ആറ് ലക്ഷം രൂപയും 1500 ഗുണഭോക്താക്കള്‍ക്ക് അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക് 7.5 ലക്ഷം രൂപയുമടക്കം ആകെ 1.21 കോടി രൂപയ്ക്കുള്ള പദ്ധതി സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കി.
എല്‍.എസ്.ജി.ഡി. പദ്ധതികള്‍
പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 2.55 കോടി ചെലവഴിച്ച് 510 പശുക്കളെ വിതരണം ചെയ്തു വരികയാണ്. 208.56 ലക്ഷം രൂപ ചെലവഴിച്ച് 2738 പശുക്കള്‍ക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്തു വരികയാണ്. പാലുല്പാദനം പ്രോത്സാഹിക്കുന്നതിനായി 45 ലക്ഷം രൂപ ചെലവഴിച്ച് പാലിന് സബ്സിഡി പദ്ധതി നടപ്പിലാക്കി. മാംസോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 86.7 ലക്ഷം രൂപ ചെലവഴിച്ച് 867 ആടുകളെ വിതരണം ചെയ്യുന്നു. മുട്ട ഉല്പാദനം വര്‍ദ്ധപ്പിക്കുന്നതിന്റെ ഭാഗമായി 128.98 ലക്ഷം രൂപ ചെലവഴിച്ച് 117260 മുട്ടക്കോഴികളെ വിതരണം ചെയ്തതു.

ആടുവളര്‍ത്തല്‍ പദ്ധതി
ഏതൊരാള്‍ക്കും എളുപ്പം പണമുണ്ടാക്കാന്‍ പറ്റുന്ന ഒരു തൊഴിലാണ് ആടുവളര്‍ത്തല്‍. അഞ്ച് സെന്റ് എങ്കിലും സ്ഥലമുള്ളവര്‍ക്ക് പോലും പരസഹായം കൂടാതെ പത്തോ ഇരുപതോ ആടിനെ വളര്‍ത്തി ലാഭമുണ്ടാക്കാന്‍ കഴിയും. ശുദ്ധമായ മാംസോത്പാദനം, ഭക്ഷ്യ സുരക്ഷാ, മാംസോത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങള്‍ ഇതുവഴി സാധിക്കും. 10 കൊല്ലത്തോളമായി ആടും കോഴിയും വളര്‍ത്തുന്ന മൊഗ്രാലിലെ ഷൗക്കത്തിന് വലിയ രീതിയില്‍ ആടു വളര്‍ത്തല്‍ എന്ന ആശയം കൊറോണ കാലത്താണ് തോന്നിയത്. കൂടാതെ ജിവിത മാര്‍ഗം, മാനസികോല്ലാസം, മൊഗ്രാല്‍ പുത്തൂരിലെ മികച്ച വിപണന സാധ്യതകള്‍ എന്നിവ പദ്ധതിക്ക് മുതല്‍ക്കൂട്ടായി.
വനിതകള്‍ക്ക് പെണ്ണാട് വളര്‍ത്തല്‍ പദ്ധതി
സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെ 2020 – 21 വാര്‍ഷികപദ്ധതിയില്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയാണ് വനിതകള്‍ക്കുള്ള ആടുവളര്‍ത്തല്‍ പദ്ധതി. നിരാലംബരായ വനിതകള്‍ കുടുംബനാഥരായിട്ടുള്ള ഒരേക്കറില്‍ താഴെ കൃഷിഭൂമിയുള്ളവര്‍ക്കും മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ഉള്‍പ്പെട്ട 72 വനിതകളെയാണ് പദ്ധതിയില്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത്. 72 വനിതകള്‍ക്ക് 10000 രൂപ വീതം ധനസഹായം സബ്സിഡിയായി നല്‍കുന്നു. പദ്ധതിയിലൂടെ വനിതകള്‍ക്ക് വരുമാന വര്‍ദ്ധനവും വരുംകാലങ്ങളില്‍ പഞ്ചായത്തിലെ ആടുവളര്‍ത്തല്‍ പദ്ധതികള്‍ക്ക് ആവശ്യമായ കുഞ്ഞുങ്ങളെ തദ്ദേശീയമായി ലഭ്യമാക്കുക എന്നതും ലക്ഷ്യമിടുന്നു.
ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്
ആടു വളര്‍ത്തലില്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ഒരു മാതൃകാ യൂണിറ്റ് എന്ന രീതിയില്‍ ആരംഭിച്ചതാണ് ഈ പദ്ധതി. പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട, കര്‍ഷക രജിസ്ട്രേഷന്‍ നടത്തിയ കര്‍ഷകര്‍ക്ക് ആടുവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കാന്‍ സഹായം നല്‍കുക. വിവിധ പദ്ധതികളിലേക്കായി ആട്ടിന്‍ കുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ സാറ്റലൈറ്റ് യൂണിറ്റ് സ്ഥാപിക്കുക എന്നിവയാണ് പദ്ധതിലിലൂടെ ലക്ഷ്യം വെക്കുന്നത്.
പശുവളര്‍ത്തല്‍
വിദ്യാസമ്പന്നര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ശോഭിക്കാവുന്ന ഒരു മേഖലയാണിത്. പശു വളര്‍ത്തലിന് പ്രോത്സാഹിപ്പിക്കുന്നതിനായി നിറവധി വായ്പകളും സ്‌കീമുകളും ഇന്നുണ്ട്. ഗോവര്‍ദ്ധിനി കന്നുകുട്ടി, പരിപാലന പദ്ധതി, കിടാരിക്ക് മൃഗാശുപത്രി മുഖേന സബ്സിഡി നിരക്കില്‍ തീറ്റ, ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതി, സാമാന്യം നല്ല രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും വായ്പകളുടെ തിരിച്ചടവും പളു വളര്‍ത്തലിലെ വരുമാനം കൊണ്ട് സാധിക്കുമെന്നും ജില്ലയിലെ നിരവധി കര്‍ഷകര്‍ അനുഭവ സാക്ഷ്യം നല്‍കുന്നു.
കേരള ചിക്കന്‍ പദ്ധതി
വ്യാപകമായ തൊഴില്‍ നഷ്ടം, സാമ്പത്തിക മാന്ദ്യം, ഭക്ഷ്യക്ഷാമം തുടങ്ങി കോവിഡ്-19 സൃഷ്ടിച്ച നിരവധി പ്രതിസന്ധികളില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ബ്രഹ്‌മഗിരി ഡവലപ്മെന്റ് സൊസൈറ്റി കേരള ചിക്കന്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി ഉല്പാദകനും ഉപഭോക്താവിനും കൂടുതല്‍ ലാഭം ലഭിക്കുന്നതിനും പോഷക സമൃദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
കോഴി വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് വളര്‍ത്തുകൂലിയായി സ്വകാര്യ കമ്പനികള്‍ കിലോഗ്രാമിന് ആറ് രൂപ നല്‍കുമ്പോള്‍ 8-11 രൂപ വരെയാണ് കേരള ചിക്കന്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2500 കോഴി വളര്‍ത്തുന്ന ഫാമില്‍ ഒരു ബാച്ചില്‍ ശരാശരി 50,000 രൂപയും വര്‍ഷത്തില്‍ 3.5 ലക്ഷം രൂപയും കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കുന്നു. മാര്‍ക്കറ്റില്‍ എത്രതന്നെ വില കൂടിയാലും 155 രൂപ -170 രൂപ അടിസ്ഥാന വിലയില്‍ ഉപഭോക്താക്കള്‍ക്ക് കേരള ചിക്കന്‍ ഔട്ലെറ്റിലൂടെ ഇറച്ചി ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ കഴിയുന്നു. ഷെഡ്, പാത്രങ്ങള്‍ തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി 1,97,000 രൂപ തിരികെ ലഭിക്കുന്ന നിക്ഷേപം നല്കിയാണ് 1500 കോഴിക്കുഞ്ഞുങ്ങളുടെ ബാച്ച് ആരംഭിച്ചത്.
കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന് എന്നിവ സൊസൈറ്റി ലഭ്യമാക്കും. ഇലക്ട്രിസിറ്റി ചാര്‍ജ്ജ്, ലിറ്റര്‍ മെറ്റീരിയല്‍ എന്നിവ മാത്രമാണ് കര്‍ഷകന് ചെലവ്. 35-40 ദിവസം വളര്‍ച്ചയെത്തിയ കേഴികള്‍ ശരാശരി രണ്ട് മുതല്‍ 2.2 കിലോഗ്രാം തൂക്കമുണ്ടാകും. തീറ്റയുടെ ഉപയോഗം, വളര്‍ച്ചാ നിരക്ക് എന്നിവയ്ക്കനുസൃതമായി കിലോയ്ക്ക് എട്ട് മുതല്‍ 11 രുപ വരെ നല്കി സൊസൈറ്റി തന്നെ കോഴികളെ തിരിച്ചെടുക്കുന്നു. പദ്ധതിയില്‍ നിന്ന് വിട്ടു പോവുകയാണെങ്കില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കുമെന്നതും ആശ്വാസമാണ്.
കേരള ചിക്കന്‍ ഔട്ട്ലെറ്റ്
ജില്ലയില്‍ നിലവില്‍ ഒമ്പത് ഫാമുകളിയായി 19,360 കോഴികളാണ് കേരള ചിക്കന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ വളര്‍ത്തി കൊണ്ടിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടുകൂടി 20 ഫാമുകള്‍ വര്‍ധിപ്പിച്ചു കൊണ്ട് 70,000 കോഴികളെ ഉത്പാദിപ്പിച്ചു അഞ്ച് ഔട്ലെറ്റുകള്‍ സ്ഥാപിക്കും.

Sorry, there was a YouTube error.