
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി ആർ.എൽ നിതിൻരാജിൻ്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കോളേജിലെ മുൻ എക്‌സാമിനർ. അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഡോ. ഔസാഫ് അഹ്‌സൻ പറഞ്ഞു. 24 ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വിദ്യാർത്ഥികൾ പലതും തുറന്നു പറയാത്തത് ഭയം കാരണമാണ്. ഡോക്ടർ റാം സമാനമായ കുറ്റകൃത്യങ്ങൾ നേരത്തെയും ചെയ്തിട്ടുള്ളത് തനിക്ക് അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി. വിദ്യാർത്ഥികളോടുള്ള വിദ്വേഷത്തിൽ അവരെ പരീക്ഷയിൽ തോൽപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. കുട്ടികൾ പരാതി നൽകിയാൽ അവർക്കെതിരെ നടപടിയെടുക്കും എന്നും ഡോ. ഔസാഫ് അഹ്‌സൻ വെളിപ്പെടുത്തി. അഹങ്കാരിയായ വിദ്യാർത്ഥിനിയെ തോൽപ്പിക്കണം എന്ന് പറഞ്ഞ് ഒരു അധ്യാപകൻ തന്നെ സമീപിച്ചതായും ഡോ. ഔസാഫ് അഹ്‌സൻ വെളിപ്പെടുത്തിയിട്ടുണ്ട്. അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. അധ്യാപകൻ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നുപറഞ്ഞു. പെൺകുട്ടികൾ അടക്കമുള്ളവർ ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്.
