
കൊച്ചി: താമസിക്കുന്ന ഫ്‌ളാറ്റിനുള്ളില്‍ ഹൈടെക് മാതൃകയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവത്തില്‍ യുവാവിനൊപ്പം അറസ്റ്റിലായ യുവതി പ്രതിയുമൊത്ത് ലിവിങ് ടുഗെതര്‍ തുടങ്ങിയിട്ട് ആറുമാസം. കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ റജിയുടെ മകള്‍ അപര്‍ണ(24)യാണ് വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയതിന് ഒപ്പം താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി അലന്‍.വി.രാജു(26)വിനൊപ്പം പൊലീസ് പിടിയിലാകുന്നത്. ബി.ടെക് കഴിഞ്ഞ അലന്‍ യു.എഫ്.ഒ ടെക്നീഷ്യനും അപര്‍ണ്ണ ഇന്‍ഫോ പാര്‍ക്കില്‍ തന്നെയുള്ള ഒരു സ്ഥാപനത്തിലെ ഓപ്പറേഷന്‍ എക്സിക്യൂട്ടീവുമാണ്. ഇവിടെ വച്ചുള്ള പരിചയമാണ് ലിവിങ് ടുഗതറിലേക്ക് കടന്നത്.
ഇരുവരും കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം നിലംപതിഞ്ഞി മുകളിലെ അജന്ത അപ്പാര്‍ട്ട്‌മെണ്ടിലെ രണ്ടാം നിലയിലെ ബി ത്രീ അപ്പാര്‍ട്‌മെണ്ടിലാണ് താമസിച്ചിരുന്നത്. ഭര്യാ ഭര്‍ത്താക്കൻമാർ ആണെന്നാണ് അപ്പാര്‍ട്ട്മെണ്ട് ഉടമയോട് പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ സംശയിക്കത്തക്കവണ്ണമുള്ള കാര്യങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു.

ഇതിനിടയിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസും സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പരിശോന നടത്തിയത്. പരിശോധനയില്‍ അപ്പാര്‍ട്ട്മെണ്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്ത് ചെടി ചട്ടിയിൽ നട്ടു വളര്‍ത്തിയ കഞ്ചാവ് തൈ കണ്ടെത്തി.
ചെടിക്ക് ഒന്നര മീറ്റര്‍ ഉയരമുണ്ടായിരുന്നു. നാലുമാസം വളര്‍ച്ച കണക്കാക്കുന്നു. ചെടിക്ക് ആവശ്യത്തിന് വായു സഞ്ചാരം ലഭിക്കുന്നതിന് ഒരു ഫാനും വെളിച്ചത്തിനായി എല്‍.ഇ.ഡി ലൈറ്റും സജ്ജീകരിച്ചിരുന്നു. വീടിനുള്ളില്‍ എങ്ങനെ കഞ്ചാവു വളര്‍ത്താം എന്ന് ഇൻ്റെര്‍നെറ്റില്‍ നോക്കി പഠിച്ച ശേഷമാണ് ഇവര്‍ കഞ്ചാവു ചെടി പരിപാലിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ യൂട്യൂബില്‍ കഞ്ചാവിൻ്റെ പരിപാലനം അറിയാനായി സെര്‍ച്ച് ചെയ്തതിൻ്റെ വിവരങ്ങള്‍ പൊലീസിന് കിട്ടി.
കേസില്‍ സാക്ഷിയാകാന്‍ പൊലീസ് വിളിച്ച സമീപ ഫ്ളാറ്റിലെ അന്തേവാസിയായ പത്തനംതിട്ട, മല്ലപ്പള്ളി കണ്ടെത്തി വീട്ടില്‍ അമലി(28)നെതിരെയും പൊലീസ് കേസ് എടുത്തു. ഇയാളുടെ പരിഭ്രമം കണ്ട് പൊലീസ് ദേഹപരിശോധന നടത്തിയപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വാടകയ്ക്കു താമസിച്ചിരുന്ന അലനും അപര്‍ണയുമായി അമലിന് എന്തെങ്കിലും ലഹരി ഇടപാടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്‍ഫോപാര്‍ക്ക് എസ്.എച്ച്.ഒ വിപിന്‍ദാസ്, എസ്.ഐ ജയിംസ് ജോണ്‍, ഡാന്‍സാഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അപര്‍ണയ്ക്ക് ഇത് കഞ്ചാവ് ചെടിയാണെന്ന് അറിയില്ലെന്നാണ് അലൻ്റെ വാദം.

ഇരുവരുടെയും അപ്പാര്‍ട്ട്മെണ്ടില്‍ എം.ഡി.എം.എയുടെ ഉപയോഗവും കച്ചവടവും ഉണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസ് റെയ്‌ഡ്. എന്നാല്‍ എം.ഡി.എം.എ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചെടിച്ചട്ടിയില്‍ വളര്‍ത്തിയ കഞ്ചാവ് സ്വന്തം ഉപയോഗത്തിന് വേണ്ടിയാണെന്നാണ് അലന്‍ പൊലീസിനോട് പറഞ്ഞത്. ഉപയോഗിക്കാന്‍ വാങ്ങിയ കഞ്ചാവില്‍ നിന്നും ലഭിച്ച വിത്ത് പാകിമുളപ്പിച്ചാണ് ചെടി വളര്‍ത്തിയതെന്ന് ഇയാള്‍ പറഞ്ഞു.
അപര്‍ണ്ണയ്ക്ക് കഞ്ചാവാണെന്ന് അറിയില്ല എന്ന് പറഞ്ഞത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. യുവതിക്ക് ഏതെങ്കിലും തരത്തില്‍ രഹരി ഇടപാടില്‍ ബന്ധമുണ്ടോ എന്ന കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും ലഹരി ഉടപാട് നടത്തിയതിൻ്റെ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
