
വെള്ളിക്കോത്ത് (കാഞ്ഞങ്ങാട്): തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ അജാനൂർ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. അടോട്ട് എ.കെ.ജി മന്ദിരത്തിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം സി.പി.ഐ നേതാവ് ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവഹിച്ച ശേഷം സ്ഥാനാർഥി കൾക്കുള്ള ഹാരാർപ്പണം നടന്നു. തുടർന്ന് സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും പ്രകടനമായി അജാനൂർ പഞ്ചായത്ത് ഓഫീസിൽ എത്തി പത്രിക സമർപ്പണം നടത്തി. പ്രസിഡണ്ട് സ്ഥാനാർഥി എട്ടാം വാർഡിലെ വി.വി തുളസി വരണാധികാരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി. ഗോകുലൻ മുൻപാകെ പത്രിക സമർപ്പണം നടത്തി.

തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർഥി പതിനഞ്ചാം വാർഡിലെ മൂലക്കണ്ടം പ്രഭാകരൻ അജാനൂർ പഞ്ചായത്ത് സെക്രട്ടറി കെ.എ ച്ച് അനീഷ് കുമാർ മുമ്പാകെ പത്രിക സമർപ്പണം നടത്തി. പിന്നീട് വിവിധ വാർഡുകളിലെ സ്ഥാനാർഥികളുടെ പത്രിക സമർപ്പണം നടന്നു. അജാനൂർ പഞ്ചായത്തിൽ സി.പി.എം 19വാർഡുകളിലും ഘടക കക്ഷികളായ സി. പി.ഐ രണ്ടു വാർഡുകളിലും ഐ.എൻ.എൽ 3 വാർഡുകളിലും മത്സരിക്കും. പത്രിക സമർപ്പണത്തിലും പ്രകടനത്തിലും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉൽഘാടനത്തിലും നേതാക്കളും പ്രവർത്തകരുമടക്കം നിരവധിയാളുകൾ പങ്കെടുത്തു.
