Categories
Kerala local news news

കാസർഗോഡ് കവുങ്ങ് കർഷകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും; കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: അടയ്ക്ക ഉത്പാദനത്തെ സാരമായി ബാധിക്കുന്ന തരത്തിൽ കാസർഗോഡിലെ കവുങ്ങ് കൃഷി മേഖലയിൽ വ്യാപകമായി ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് പഠിക്കാനും, പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും, നാശനഷ്ടങ്ങൾ വിലയിരുത്താനും വിദഗ്ദ്ധ സംഘത്തെ രൂപീകരിച്ച് സമഗ്ര പദ്ധതി ആസൂത്രണം ചെയ്യുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാർഷിക സർവ്വകലാശാല, കൃഷി വിജ്ഞാൻ കേന്ദ്രം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ അടങ്ങിയ സംഘം പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുമെന്നും മന്ത്രി അറിയിച്ചു. കർഷകരുടെ ആശങ്കകൾ അറിയിച്ചുകൊണ്ട് കവുങ്ങ് കൃഷി മേഖലയിലെ ജനപ്രതിനിധികളുടെ പ്രത്യേക ആവശ്യപ്രകാരം നിയമസഭാ കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കവുങ്ങ് കൃഷി മേഖലയിലെ നാശനഷ്‌ട കണക്ക് ശേഖരിക്കുമെന്നും അതിൻ്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സാദ്ധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കേര പദ്ധതി മുഖേനയും സാധ്യമായ പ്രവർത്തനങ്ങൾ കവുങ്ങ് കൃഷി മേഖലയിൽ നടപ്പിലാക്കും. കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്നും പദ്ധതി ആനുകൂല്യം കർഷകർക്ക് ലഭ്യമാകത്തക്ക വിധം ഫീൽഡ് തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജനകീയാസൂത്രണം പദ്ധതികളിൽ ഓരോ പ്രദേശത്തിനും ആവശ്യമായ പ്രതിരോധ മാർഗങ്ങൾക്കനുസരിച്ച് പദ്ധതികൾ രൂപീകരിക്കണമെന്നും രോഗ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനൊപ്പം കവുങ്ങിൻ്റെ ആരോഗ്യ സംരക്ഷണത്തിന് ജൈവ വളങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വളപ്രയോഗ മാർഗ്ഗങ്ങൾ കൈക്കൊള്ളണമെന്നും മന്ത്രി അറിയിച്ചു.

കവുങ്ങ് കർഷകരുടെ കടബാധ്യതയും വായ്പാ തിരിച്ചടവ് കാലാവധിയും സംബന്ധിച്ച് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് ധനകാര്യ വകുപ്പിൻ്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്റ്റേറ്റ് ലെവൽ ബാങ്കിങ് കമ്മറ്റിയുമായി ചർച്ച നടത്തി ഉചിതമായ തീരുമനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. കുമിൾ രോഗമായ ഇലപ്പുള്ളി രോഗം ആരംഭത്തിൽ തന്നെ നിയന്ത്രണ വിധേയമാക്കുന്നതിനു കാർബൺ ഫൈബർ പോൾ സ്പ്ര പോലുള്ള നൂതന മാർഗ്ഗങ്ങൾ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിയമസഭാ കോൺഫെറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എ.മാരായ ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, സി.ഹെച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീറാം വിങ്കിട്ടരാമൻ ഐ.എ.എസ്, കാഞ്ഞങ്ങാട് സബ് കളക്ടർ പ്രതീക് ജൈൻ ഐ.എ.എസ്., കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്ലാന്റ് പ്രൊട്ടക്ഷൻ മേധാവി ഡോ. വിനായക ഹെഗ്‌ഡെ, കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജേക്കബ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *