ഒന്നു പോ സാറേ, മേരിയെ ഓര്‍ക്കുന്നുണ്ടോ; സ്ക്രീനില്‍ ചിരിപ്പിച്ച നടി ലോട്ടറി വില്‍ക്കുകയാണ്, കൈയില്‍ ജപ്‌തി നോട്ടീസും

You are currently viewing ഒന്നു പോ സാറേ, മേരിയെ ഓര്‍ക്കുന്നുണ്ടോ; സ്ക്രീനില്‍ ചിരിപ്പിച്ച നടി ലോട്ടറി വില്‍ക്കുകയാണ്, കൈയില്‍ ജപ്‌തി നോട്ടീസും

ആക്‌ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ നിവിന്‍ പോളി അവതരിപ്പിച്ച നായക കഥാപാത്രമായ എസ്.ഐ ബിജുവിൻ്റെ മുന്നില്‍ അയല്‍ക്കാരനെ കുറിച്ച്‌ പരാതി പറയാനെത്തിയ ബേബിയും മേരിയും പ്രേക്ഷകരുടെ മുഖത്ത് ചിരി പടര്‍ത്തിയാണ് സ്ക്രീനില്‍ നിറഞ്ഞത്.

“ഒന്നു പോ സാറേ”, എന്ന മേരിയുടെ ഡയലോഗ് തിയറ്ററിലും പിന്നീട് സോഷ്യല്‍ മീഡിയയിലും ശ്രദ്ധനേടി. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള എരമല്ലൂര്‍ സ്വദേശിനിയായ മേരിയുടെ മുഖത്ത് ഇപ്പോള്‍ ആ ചിരിയില്ല. കോവിഡ് സമ്മാനിച്ച ദുരിതത്തില്‍ നിന്ന് കരകയറാല്‍ ഭാഗ്യക്കുറിയുമായി ജോലിക്ക് ഇറങ്ങിയിരിക്കുകയാണ് മേരി.

ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പുതിയ വീട് വയ്ക്കാന്‍ മേരി ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു. പക്ഷെ, സിനിമയിലെ ഭാഗ്യം കൈവിട്ടതോടെ വായ്പ്പാ തിരിച്ചടവ് മുടങ്ങി.

ജപ്‌തി നോട്ടീസ് കൈയില്‍ കിട്ടിയതോടെ ജീവിക്കാന്‍ ലോട്ടറി വില്‍ക്കാന്‍ ഇറങ്ങിയതാണ് മേരി. ചേര്‍ത്തല-അരൂര്‍ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വില്‍ക്കുന്നത്. രാവിലെ ആറരയ്ക്ക് വീട്ടില്‍ നിന്നിറങ്ങി ഉച്ചവരെ പൊരിവെയിലത്ത് ലോട്ടറി വില്‍ക്കും. ദിവസവും 300 രൂപവരെ കിട്ടും.

തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് മേരിക്ക് ആക്‌ഷന്‍ ഹീറോ ബിജുവില്‍ അവസരം ലഭിച്ചത്. ഇതിന് പിന്നാലെ മകളുടെ വിവാഹം നടത്തി. ഒപ്പമുള്ള മകന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. മുപ്പത്തിയഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മേരി ആക്ഷന്‍ ഹീറോ ബിജുവിലെ രംഗം ശ്രദ്ധിക്കപ്പെട്ടതോടെ ചില പരസ്യങ്ങളിലും അഭിനയിച്ചു. സിനിമാക്കാർ ആരും തന്നെ വിളിക്കുന്നില്ലെങ്കിലും കൈയില്‍ ഒരു കൊച്ചു ഫോണുമായാണ് മേരി നില്‍ക്കുന്നത്. സിനിമയില്‍ എന്തെങ്കിലും ഒരു വേഷത്തിനായി ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചാണിത്.

0Shares