
കാസര്‍കോട്:: രാഷ്ട്രീയ പ്രചാരണത്തിനായി ആചാരസ്ഥാനികരുടെ വേഷം കെട്ടിക്കൊണ്ട് കോമരങ്ങളെയും വെളിച്ചപ്പാടന്മാരെയും അവഹേളിച്ചു കൊണ്ട് നടന്ന പരിപാടി അന്തസ്സുള്ള രാഷ്ട്രീയപ്രവർത്തനമല്ലെന്നും സമൂഹത്തിൽ ഇന്ന് നിലനിന്നു പോരുന്ന ആരാധനാരീതികളെ ആദരിക്കാനുള്ള സാമാന്യമര്യാദയെങ്കിലും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിൽ നിന്നും ഉണ്ടാവണമെന്നും മലബാറിലെ ആരാധനാരീതികളെയും ക്ഷേത്രേശന്മാരെയും അവഹേളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്നും കോമരത്തിന്‍റെ വേഷം ധരിച്ച് ആചാരസ്ഥാനികരെ അവഹേളിച്ചു നടന്ന രാഷ്ട്രീയപ്രചാരണപരിപാടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും ഇത് മാന്യമായ രാഷ്ട്രീയ പ്രവർത്തനമല്ല എന്നും തീയ്യക്ഷേമസഭ.

മലബാറിലെ സമൂഹവും സമുദായങ്ങളും ദേവതയുടെ പ്രതിരൂപമായാണ് കോമരങ്ങളെയും വെളിച്ചപ്പാടന്മാരെയും കാണുന്നത്. കോമരങ്ങളുടെ വേഷം കെട്ടി അവരെ അപഹാസ്യരാക്കിയും അസഭ്യം പറഞ്ഞും രാഷ്ട്രീയപ്രചരണം നടത്തുന്നവർ മലബാറിലെ ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സഭ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അധികാരത്തിനു വേണ്ടി, ജനസേവനത്തിനു വേണ്ടി പ്രയത്നിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജനവികാരം മാനിക്കാനും ജനവിഭാഗങ്ങളുടെ വിശ്വാസത്തെ അപമാനിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും തീയ്യക്ഷേമസഭ അറിയിക്കുന്നു. ആചാര സ്ഥാനികരെ അവഹേളിച്ചവർക്കെതിരെ മുഴുവൻ സമുദായ സംഘടനകളും ക്ഷേത്രം കമ്മിറ്റികളും വിശ്വാസി സമൂഹവും ശക്തമായി പ്രതിഷേധവുമായി രംഗത്ത് വരണമെന്നും സംഘടന അവശ്യപ്പെടുന്നു.
കണ്ണൂർ ജില്ലയിൽ ആചാരസ്ഥാനികരെ അപമാനിച്ചുകൊണ്ട് നടന്ന രാഷ്ട്രീയ പ്രചാരണപരിപാടിയിൽ പ്രതിഷേധിച്ചു നടന്ന തീയ്യക്ഷേമസഭയുടെ വാർത്താസമ്മേളനത്തിൽ. സംസ്ഥാന കമ്മിറ്റി ജനറൽ കൺവീനർ വിനോദൻ തുരുത്തി വൈസ് ചെയർമാൻ സൂരജ് തലക്കോടൻ, മോഹനൻ കുന്നത്ത്, ദാമോദരൻ തമ്പുരാൻ വളപ്പിൽ, ഷാജി നീലേശ്വരം തുടങ്ങിയവർ സംസാരിച്ചു.
